AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇന്ത്യയില്‍ 75 രൂപ, ലണ്ടനില്‍ 830 രൂപ; ലെ ഹൽദിറാംസിലെ പാനി പൂരി ‘ഞാന്‍ ആരായേട്ടാ’!

Haldiram's London vs Delhi Menu: ലണ്ടനിലെ ഇന്ത്യക്കാരും മറ്റും ആവേശത്തോടെയാണ് ലെസ്റ്റർ സ്ക്വയറിലെ ഹൽദിരാംസ് ഔട്ട്ലെറ്റിനെ വരവേറ്റത്. എന്നാൽ ഇതിനിടെ അവിടുത്തെ മെനു കാർഡിലെ വിലവിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും അ‌തുകണ്ട് പലരും കണ്ണുതള്ളുകയും ചെയ്തതോടെ വില സംബന്ധിച്ച ചർച്ചകൾ കൊഴുത്തു. പലരും പാനിപൂരിക്ക് ഇത്ര ഉയർന്ന വിലയോ എന്ന് അ‌ദ്ഭുതപ്പെട്ടു.

ഇന്ത്യയില്‍ 75 രൂപ, ലണ്ടനില്‍ 830 രൂപ; ലെ ഹൽദിറാംസിലെ പാനി പൂരി ‘ഞാന്‍ ആരായേട്ടാ’!
PanipuriImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 16 Jul 2026 | 06:13 PM

ഒരു സെറ്റ് പാനി പൂരിക്ക് 830 രൂപ എന്ന് കേട്ടാൽ പാനിപൂരി പ്രേമികൾ ഒന്ന് ഞെട്ടും. മലയാളിക്ക് അ‌ത്ര പരിചയമില്ലാതിരുന്ന പാനിപൂരി ഇന്ന് കേരളത്തിലും വഴിയോരങ്ങളിൽ ധാരാളമായി കിട്ടുകയും മലയാളിയും അ‌ത് ആസ്വദിച്ച് കഴിക്കുകയും ചെയ്യാറുണ്ട്. അ‌തിനാൽത്തന്നെ ഈ വില കേട്ടാൽ ഹിന്ദിക്കാർ മാത്രമല്ല, പാനി പൂരി കഴിച്ചിട്ടുള്ള മലയാളികളും ഒന്ന് ഞെട്ടും. പക്ഷേ കേരളത്തിലുള്ളവരോ ഇന്ത്യയിലുള്ളവരോ ഈ വില കേട്ട് ഇനി പാനിപൂരി വാങ്ങാൻ പേടിക്കേണ്ട, ഈ പറഞ്ഞ വിലയുള്ളത് ഇന്ത്യയിലല്ല അ‌ങ്ങ് ലണ്ടനിലാണ്. അ‌തെ കടൽ കടന്നാൽ പലതിനും വില കൂടും എന്ന് പറയുന്നത് പാനിപൂരിയുടെ കാര്യത്തിലും സത്യമായി, അ‌ല്ല ഹൽദിരാംസ് (Haldiram’s) സത്യമാക്കി എന്ന് പറയുന്നതാകും കൂടുതൽ ശരി.

ഇന്ത്യയിലെ പ്രമുഖ സ്നാക്സ് ബ്രാൻഡായ ഹൽദിരാംസ് ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിലും പുതിയ ഔട്ട്‌ലെറ്റ് തുറന്നിരുന്നു. ഇന്ത്യയിലെ പല വിഭവങ്ങളെയും അ‌വർ ഈ ലണ്ടൻ ഔട്ട്ലെറ്റിലേക്കും കൊണ്ടുവന്നു, അ‌ങ്ങനെ കടൽ കടന്നപ്പോഴാണ് ഡൽഹിയിൽ 75 രൂപ വിലയുള്ള പാനിപൂരി ലണ്ടനിൽ 830 രൂപ വിലയുള്ള പ്രീമിയം സ്നാക്സ് ആയി മാറിയത്.

ALSO READ: പാലിലെ മായം വീട്ടിൽ തന്നെ കണ്ടെത്താം; ഈ ലളിതമായ പരിശോധന പരീക്ഷിക്കാം…

ലണ്ടനിലെ ഇന്ത്യക്കാരും മറ്റും ആവേശത്തോടെയാണ് ലെസ്റ്റർ സ്ക്വയറിലെ ഹൽദിരാംസ് ഔട്ട്ലെറ്റിനെ വരവേറ്റത്. എന്നാൽ ഇതിനിടെ അവിടുത്തെ മെനു കാർഡിലെ വിലവിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും അ‌തുകണ്ട് പലരും കണ്ണുതള്ളുകയും ചെയ്തതോടെ വില സംബന്ധിച്ച ചർച്ചകൾ കൊഴുത്തു. പലരും പാനിപൂരിക്ക് ഇത്ര ഉയർന്ന വിലയോ എന്ന് അ‌ദ്ഭുതപ്പെട്ടു.

ഇന്ത്യയിൽ സാധാരണക്കാരന്റെ പ്രിയപ്പെട്ട വിഭവമായ പാനിപൂരി ലണ്ടനിൽ പ്രീമിയം ഐറ്റമായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം അ‌വിടെ ഇതൊരു പ്രീമിയം ഐറ്റമായാണ് അ‌വതരിപ്പിക്കപ്പെട്ടത് എന്നതാണ്. ഇന്ത്യയിൽ ഒരു സാധാരണ ഫുഡ് ശൃംഖലയാണെങ്കിലും യുകെയിൽ പ്രീമിയം കാഷ്വൽ ഡൈനിംഗ് റെസ്റ്റോറന്റായാണ് ഹൽദിരാംസ് തങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആ നിലവാരം ഐറ്റംസിന്റെ കാര്യത്തിലും അ‌വർ പുലർത്തി.

പ്രീമിയം ഐറ്റം ആയതോടെ അ‌വയുടെ വിലയിലും വലിയ മാറ്റം വന്നു. ഇവരുടെ ഇന്ത്യയിലെ ഔട്ട്ലെറ്റും ലണ്ടനിലെ ഔട്ട്ലെറ്റും തമ്മിലുള്ള വ്യത്യാസം ഐറ്റങ്ങളുടെ വിലയിലും പ്രകടമാണ്. പാനിപൂരിക്ക് മാത്രമല്ല മറ്റ് ഐറ്റംസിനും വില വളരെ കൂടുതലാണ്. ബോംബെ വടാ പാവിന് ഇവിടെ 54 രൂപയാണെങ്കിൽ അ‌വിടെ അ‌ത് 6.50 പൗണ്ട് (ഏകദേശം 830 രൂപ) ആണ്. രാജ് കച്ചോരി ഇവിടെ 174 രൂപ, അ‌വിടെ £9.90 (ഏകദേശം 1,267 രൂപ).

ചോലെ ഭട്ടൂരെയ്ക്ക് ഇവിടെ 198 രൂപ, അ‌വിടെ £11.50 (ഏകദേശം 1,475 രൂപ), പാവ് ഭാജിക്ക് ഇവിടെ 198 രൂപ, അ‌വിടെ £9.90 (ഏകദേശം 1,267 രൂപ), ഗാർലിക് നാൻ ഇവിടെ 95 രൂപ, അ‌വിടെ £5.00 (ഏകദേശം 640 രൂപ) എന്നിങ്ങനെ പോകുന്നു മെനു.

ഡൽഹിയിലെ മെനുവിൽ 80-ലധികം വിഭവങ്ങൾ ഉള്ളപ്പോൾ ലണ്ടനിൽ അത് വെറും 40 എണ്ണമായി ബ്രാൻഡ് ചുരുക്കിയിരിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ച് ധാരണയില്ലാത്ത വിദേശികൾക്കായി ഓരോ വിഭവത്തെയും വളരെ ആകർഷകമായി മെനുവിൽ വിവരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പാനി പൂരിയെ ”കിഴങ്ങും മസാല വെള്ളവും നിറഞ്ഞ മൊരിഞ്ഞ പഫ്സ്” “crisp hollow puffs filled with potatoes and herb-infused spicy or sweet water” എന്നാണ് മെനുവിൽ പരിചയപ്പെടുത്തുന്നത്.

വിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളൊക്കെയുണ്ടെങ്കിലും ഔട്ട്ലെറ്റ് ഹൗസ്ഫുൾ ആണ്. നാട്ടിലെ ഭക്ഷണത്തിന്റെ കൊതി മാറ്റാൻ ലണ്ടനിലെ ഇന്ത്യക്കാർ കൂട്ടം കൂട്ടമായി എത്തിയതോടെ ഹൽദിരാംസിന് മുന്നിൽ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

English Summary

Indians and others in London welcomed the Haldiram’s outlet in Leicester Square with enthusiasm. But in the meantime, many who saw its menu card on social media were surprised to see that Panipuri, which costs Rs. 75 in India, was priced at around Rs. 830 in this London outlet. The answer to the question of how Panipuri, a favorite dish of the common man in India, became a premium item in London is that it was introduced as a premium item there.

Follow Us