Milk Adulteration: പാലിലെ മായം വീട്ടിൽ തന്നെ കണ്ടെത്താം; ഈ ലളിതമായ പരിശോധന പരീക്ഷിക്കാം…
How to Check Milk Adulteration: പാലിൽ വെള്ളം മുതൽ ആരോഗ്യത്തിന് ഹാനികരമായ ഡിറ്റർജന്റുകൾ, അന്നജം, യൂറിയ തുടങ്ങിയവ വരെ ചേർത്ത് മായം കലർത്താറുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇനി, വിഷമിക്കേണ്ട, നമ്മൾ വാങ്ങുന്ന പാൽ ശുദ്ധമാണോ എന്ന് കണ്ടെത്താൻ അടുക്കളയിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പരിശോധനകളുണ്ട്.
നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് പാൽ. കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാരത്തിനും ഒഴിച്ചു കൂടാനാകാത്ത ഒന്നാണിത്. എന്നാൽ അടുത്തിടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടത്തിയ സർവേകളിൽ വിപണിയിൽ ലഭിക്കുന്ന പാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. പാലിൽ വെള്ളം മുതൽ ആരോഗ്യത്തിന് ഹാനികരമായ ഡിറ്റർജന്റുകൾ, അന്നജം, യൂറിയ തുടങ്ങിയവ വരെ ചേർത്ത് മായം കലർത്താറുണ്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ എന്തുവിശ്വസിച്ച് പാൽ കുടിക്കുമെന്ന സംശയത്തിലാണ് ജനങ്ങൾ. എന്നാൽ ഇനി, വിഷമിക്കേണ്ട, നമ്മൾ വാങ്ങുന്ന പാൽ ശുദ്ധമാണോ എന്ന് കണ്ടെത്താൻ അടുക്കളയിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പരിശോധനകളുണ്ട്. അവയെ കുറിച്ച് അറിഞ്ഞാലോ….
പാലിലെ മായം എങ്ങനെ കണ്ടെത്താം?
വെള്ളം ചേർത്തിട്ടുണ്ടോ എന്നറിയാൻ
പാലിൽ ഏറ്റവും കൂടുതൽ ചേർക്കുന്ന ഒന്നാണ് വെള്ളം. ഇത് കണ്ടെത്താൻ ഒരു ചരിഞ്ഞ പ്രതലമാണ് ആവശ്യം. മിനുസമുള്ള ഒരു ചരിഞ്ഞ പ്രതലത്തിലേക്ക് (ഉദാഹരണത്തിന് ഒരു മാർബിൾ കഷ്ണമോ പ്ലേറ്റോ) ഒരു തുള്ളി പാൽ ഒഴിക്കുക. പാൽ പതുക്കെ താഴേക്ക് ഒഴുകുകയും പിന്നിൽ ഒരു വെളുത്ത വര ബാക്കി വെയ്ക്കുകയും ചെയ്താൽ അത് ശുദ്ധമായ പാലാണ്. എന്നാൽ വരയൊന്നും അവശേഷിപ്പിക്കാതെ പാൽ വേഗത്തിൽ ഒഴുകിപ്പോയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാവുന്നതാണ്.
ഡിറ്റർജന്റിന്റെ സാന്നിധ്യം അറിയാൻ
പാലിന് കട്ടി തോന്നിക്കാനും നുരയുണ്ടാക്കാനും ചിലപ്പോൾ ഡിറ്റർജന്റുകൾ ചേർക്കാറുണ്ട്. ഇത് വയറിന് കടുത്ത അസുഖങ്ങളുണ്ടാക്കും. ഒരു ഗ്ലാസ് ജാറിലോ കുപ്പിയിലോ അല്പം പാലും തുല്യ അളവിൽ വെള്ളവും എടുക്കുക. ഇത് നന്നായി കുലുക്കുക. കുലുക്കിയതിന് ശേഷം പാലിൽ കട്ടിയുള്ള നുര രൂപപ്പെടുകയും അത് കുറേ സമയത്തേക്ക് പോകാതിരിക്കുകയും ചെയ്താൽ അതിൽ ഡിറ്റർജന്റ് അടങ്ങിയിട്ടുണ്ട്. ശുദ്ധമായ പാലിൽ നേരിയ നുര മാത്രമേ ഉണ്ടാകൂ, അത് വേഗത്തിൽ ഇല്ലാതാവുകയും ചെയ്യും.
ALSO READ: കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് മാറ്റണോ? വീട്ടിൽ തന്നെയുണ്ട് പരിഹാരം
അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ
പാലിന് കട്ടി കൂട്ടാൻ സ്റ്റാർച്ച് അഥവാ അന്നജം ചേർക്കാറുണ്ട്. ഇത് കണ്ടെത്താൻ വീട്ടിൽ ടിഞ്ചർ അയഡിൻ ഉണ്ടായാൽ മതി. കുറച്ച് പാൽ തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിൻ ലായനി ചേർക്കുക. പാലിന്റെ നിറം നീലയായി മാറിയാൽ അതിൽ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. നിറം മാറിയില്ലെങ്കിൽ പാൽ സുരക്ഷിതമാണ്.
കൃത്രിമ പാൽ എങ്ങനെ തിരിച്ചറിയാം
യൂറിയ, സോപ്പ്, കുറഞ്ഞ നിലവാരമുള്ള എണ്ണകൾ എന്നിവ ചേർത്ത് നിർമ്മിക്കുന്ന കൃത്രിമ പാൽ ആരോഗ്യത്തിന് അതീവ ഹാനികരമാണ്. അല്പം പാൽ കൈപ്പത്തിയിലെടുത്ത് നന്നായി തിരുമ്മി നോക്കുക. കൂടാതെ പാൽ നന്നായി തിളപ്പിച്ചു നോക്കുക. കൈയിൽ തിരുമ്മുമ്പോൾ സോപ്പ് തൊടുന്നത് പോലുള്ള ഒരു വഴുക്കൽ അനുഭവപ്പെടുകയാണെങ്കിൽ അത് കൃത്രിമ പാലാണ്. കൂടാതെ, തിളപ്പിക്കുമ്പോൾ പാൽ മഞ്ഞ നിറമാകുന്നുണ്ടെങ്കിലും അത് മായം കലർന്നതാണെന്ന് ഉറപ്പിക്കാം.
English Summary:
Milk adulteration is a growing concern, as some suppliers may add water, starch, detergent, or other substances to increase volume or alter the appearance of milk, potentially affecting both its nutritional value and safety. Fortunately, several simple home tests can help identify common adulterants.