Iran-Israel Conflict: ഇറാൻ – ഇസ്രയേൽ സംഘർഷപ്രദേശത്തെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇതാ
Iran Israel Conflict Indian Embassy Issues Emergency Advisory : ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരന്മാർ സുരക്ഷിതമായ ഷെൽട്ടറുകളിൽ തന്നെ തുടരണം. കൂടാതെ അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുക.
ടെൽ അവീവ്: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട എംബസികളും അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇസ്രയേലിലെ ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ
ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരന്മാർ സുരക്ഷിതമായ ഷെൽട്ടറുകളിൽ തന്നെ തുടരണം. കൂടാതെ അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.
- ഫോൺ: +972-54-7520711
- ഇ-മെയിൽ: cons1.telaviv@mea.gov.in
ഇറാനിലെ ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനം കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുമാണ്. അടിയന്തര സാഹചര്യങ്ങളിൽ +989128109115, +989128109109, +989128109102, +989932179359 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മേഖലയിൽ യുദ്ധഭീതി
“ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല” എന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ആഗോളതലത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.