Iran Israel Conflict 2026: യുദ്ധഭീതി… ഇസ്രായേലിൻ്റെ ആണവ മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്ടം
Iran Missile Strikes On Israel: സംഭവത്തിൽ പരിക്കേറ്റ പത്തോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. 'ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ' ആണ് ഇസ്രായേലിനെ ലക്ഷ്യം വച്ച് ഇറാൻ പ്രയോഗിച്ചത്. വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കാൻ ഈ സംഭവം കാരണമായേക്കും.
ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായും വൻ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഇരു രാജ്യങ്ങൾ തമ്മിൽ മൂന്ന് ആഴ്ചയ്ക്ക് മേലെയായി തുടരുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് സംഭവത്തെ ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്.
തെക്കൻ ഇസ്രായേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളിലാണ് ഇറാൻ്റെ മിസൈൽ വർഷം പതിച്ചത്. ഇസ്രായേലിൻ്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഇതേ മേഖലയിലാണ്. മിസൈൽ ആക്രമണം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ്റെ മിസൈലുകളെ തടയാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ALSO READ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്ത് യുഎസ്; സമാധാനത്തിനായി ഇടപെട്ട് പ്രധാനമന്ത്രി മോദി
സംഭവത്തിൽ പരിക്കേറ്റ പത്തോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇസ്രായേലിനെ ലക്ഷ്യം വച്ച് ഇറാൻ പ്രയോഗിച്ചത്. വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കാൻ ഈ സംഭവം കാരണമായേക്കും. യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നാണ് ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞത്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയാണ് ഇസ്രയേലിൽ നടന്നതെന്നാണ് സൂചന. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് ആഗോള തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്ന് തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തനിക്ക് സമാധാനം വേണമെന്നാണ് ട്രംപ് അവസാനമായി പറഞ്ഞത്.