Iran-Israel Conflict: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം
Mojtaba Khamenei's First Statement: ആ യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ല. പൂര്‍ണശക്തിയോടെ തന്നെ പ്രതിരോധം തുടരും. ആയത്തൊള്ള ഖമേനിക്ക് വേണ്ടി മാത്രമല്ല, ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ പൗരനും വേണ്ടിയും പ്രതികാരം ചെയ്യും
ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആദ്യ സന്ദേശമെത്തി. ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് ചോദിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് മൊജ്തബയുടെ സന്ദേശമെത്തിയത്.
യുഎസ് സൈനിതാവളങ്ങള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും മൊജ്തബ നല്‍കുന്നു. അമേരിക്കയുടെ സുരക്ഷയും സമാധാനവും സ്ഥാപിക്കുമെന്ന അവകാശവാദം വെറും നുണയാണ്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള സൈനിക താവളങ്ങളെല്ലാം അടച്ചുപൂട്ടാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു, അദ്ദേഹം പറഞ്ഞു.
ആ യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ല. പൂര്‍ണശക്തിയോടെ തന്നെ പ്രതിരോധം തുടരും. ആയത്തൊള്ള ഖമേനിക്ക് വേണ്ടി മാത്രമല്ല, ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ പൗരനും വേണ്ടിയും പ്രതികാരം ചെയ്യുമെന്നും മൊജ്തബ കൂട്ടിച്ചേര്‍ത്തു.
ആ പ്രതികാരം പരിമിതമായ അളവില്‍ നിലവില്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ അര്‍ത്ഥത്തില്‍ നേടുന്നത് വരെ ഈ കേസ് ഞങ്ങളുടെ പ്രഥമ പരിഗണനയില്‍ തുടരുമെന്ന് പറഞ്ഞ് ഖമേനി, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവയുള്‍പ്പെടെയുള്ള ടെഹ്‌റാന്റെ സഖ്യകക്ഷികളായ സായുധ സേനകള്‍ക്ക് നന്ദി അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയന്‍ പറഞ്ഞു. ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, ഭാവിയിലെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഗ്യാരണ്ടി ലഭിക്കുക എന്നിവയാണത്.