Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
US-Iran Peace Agreement Confirmed by Pakistan: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് നികുതിയില്ലാതെ എല്ലാവര്‍ക്കുമായി തുറക്കുന്നതിന് ഞാന്‍ അംഗീകാരം നല്‍കുന്നു. അതോടൊപ്പം യുഎസിന്റെ നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നു.
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാര്‍ അന്തിമമായെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനും യുഎസും തമ്മില്‍ കരാറിലെത്തിയതായി പാകിസ്ഥാനും സ്ഥിരീകരിച്ചു. കരാര്‍ അന്തിമമായെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ അന്തിമമായി എന്ന് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് കുറിച്ചു. ചര്‍ച്ചകളില്‍ ഉള്‍പ്പെട്ട എല്ല കക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ട്രംപ്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് നികുതിയില്ലാതെ എല്ലാവര്‍ക്കുമായി തുറക്കുന്നതിന് ഞാന്‍ അംഗീകാരം നല്‍കുന്നു. അതോടൊപ്പം യുഎസിന്റെ നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നു. ലോക കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ചോളൂ, എണ്ണ ഒഴുകട്ടെ, ട്രംപ് കുറിച്ചു.
ചര്‍ച്ചകള്‍ ഫലം കണ്ടു, ഇനി യുദ്ധമില്ല
മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇറാനും യുഎസും തമ്മില്‍ സമാധാന കരാറില്‍ എത്തിച്ചേര്‍ന്ന ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. ലെബനന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ ധാരണ ആയതായാണ് പാകിസ്ഥാന്‍ പറയുന്നത്.
തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിലുള്ള സമാധാന കരാര്‍ സംഭവിച്ചിരിക്കുന്നുവെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ സ്ഥിരമായി അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തീരുമാനിച്ചു, എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. വരുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കുമെന്നും ഷെരീഫ് പോസ്റ്റിലൂടെ അറിയിച്ചു.
ക്രൂഡ് ഓയില്‍ വില വീണ്ടും താഴേക്ക്
യുഎസും ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്. ബ്രെന്റ് ക്രൂഡ് ഓയിലിന് 3.8 ശതമാനം കുറഞ്ഞ് ബാരലിന് 84.02 ഡോളറായി വില. യുഎസ് എണ്ണ 4.1 ശതമാനം കുറഞ്ഞ് 81.40 ലേക്കുമെത്തി.
ഫെബ്രുവരി 28 മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ കടന്നുപോകുന്ന പ്രധാന പാതയായ ഹോര്‍മുസ് അടച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടി. സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 70 ഡോളറില്‍ വ്യാപാരം നടന്നിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് ഇതോടെ 120 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു.
ഏഷ്യന്‍ കറന്‍സികള്‍ ശക്തിപ്രാപിക്കുന്നു
ഇറാന്‍-യുഎസ് യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ ശക്തിപ്പെട്ടു. സമാധാന കരാര്‍ ക്രൂഡ് ഓയില്‍ വില കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ 0.2 ശതമാനം ഇടിഞ്ഞ് 159.93 യെന്‍ ആയി, 0.8 ശതമാനം ഇടിഞ്ഞ് വോണ്‍ ആയി, 0.5 ശതമാനം ഇടിഞ്ഞ് 0.7079 ഓസ്‌ട്രേലിയന്‍ ഡോളറാകുകയും ചെയ്തു.
English Summary
Donald Trump said the United States and Iran have reached a peace deal, with Pakistan confirming the agreement. He also stated that the Strait of Hormuz will remain open and that the agreement is expected to be formally signed on June 19.