ഖമേനി ബങ്കറില്‍ ഒളിച്ചോ? അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍; പേടിക്കില്ലെന്ന് കോണ്‍സല്‍ ജനറല്‍
Iran Ayatollah Ali Khamenei: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി അഭ്യൂഹം. അഭ്യൂഹങ്ങള്‍ തള്ളി മുംബൈയിലെ ഇറാന്റെ കോണ്‍സല്‍ ജനറല്‍ രംഗത്തെത്തി.
ടെഹ്‌റാന്‍: യുഎസ് ഇറാന്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലേക്ക് മാറിയതായി റിപ്പോർട്ട്. യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുഎസ് യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളി മുംബൈയിലെ ഇറാന്റെ കോണ്‍സല്‍ ജനറല്‍ രംഗത്തെത്തി. ഖമേനിക്ക് സംരക്ഷണം നല്‍കുന്നത് സ്വഭാവികമാണ്. എന്നാല്‍, അദ്ദേഹം ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്ന് കരുതരുതെന്നും, ഒരു വിദേശ ശക്തിയെയും തങ്ങള്‍ പേടിക്കുന്നില്ലെന്നും മുംബൈയിലെ ഇറാൻ കോൺസൽ ജനറൽ സയീദ് റെസ മൊസയേബ് മോട്ട്‌ലാഗ് എൻഡിടിവിയോട് പറഞ്ഞു. വിദേശ ഇന്റലിജൻസ് ഏജൻസികളാണ് തന്റെ രാജ്യത്ത് പ്രതിഷേധങ്ങൾക്ക് കാരണക്കാരെന്നും അദ്ദേഹം പ്രതികരിച്ചു.
ഉപരോധ ഭീഷണി ഉണ്ടായിരുന്നിട്ടും ഇറാനും ഇന്ത്യയും സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആഭ്യന്തര പ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു. തുടക്കത്തില്‍ പ്രതിഷേധക്കാരോട് സൈന്യം സംയമനം പാലിച്ചിരുന്നുവെന്നും മൊസയേബ് മോട്ട്‌ലാഗ് വ്യക്തമാക്കി.
എന്നാല്‍ പിന്നീട് വിദേശത്തു നിന്നുള്ള ചിലരുടെ നിര്‍ദ്ദേശപ്രകാരം തീവ്രവാദികള്‍ ഗൂഢാലോചനകളും അട്ടിമറികളും നടത്തി. ഇത് പൗരന്മാരില്‍ ചിലരില്‍ ഭയമുണ്ടാക്കി. അവരുടെ സ്വത്തുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിർഭാഗ്യവശാൽ, 3,117 പേർ കൊല്ലപ്പെട്ടു. 690 തീവ്രവാദികളും കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് വിദേശ ഇന്റലിജൻസ് സർവീസുകൾ പരിശീലനം നൽകിയതായി ഇറാൻ സർക്കാരിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് മോട്ട്‌ലാഗ് പറഞ്ഞു.
ഇറാന്‍ സജ്ജമാണ്. ഏതൊരു ആക്രമണത്തെയും ചെറുക്കാനുള്ള ശക്തി രാജ്യത്തിനുണ്ട്. ഭീകര പ്രവർത്തനത്തിനെതിരെ കാണിച്ച ചെറുത്തുനിൽപ്പ് ഒരു ഉദാഹരണമാണ്. ആരെങ്കിലും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍, പ്രതിരോധിക്കാന്‍ തങ്ങളും തയ്യാറാണ്. ഇറാൻ വർഷങ്ങളായി വിദേശ ഉപരോധങ്ങളെ നേരിടുകയും ചെറുക്കുകയും ചെയ്യുന്നുണ്ടെന്നും മോട്ട്‌ലാഗ് കൂട്ടിച്ചേര്‍ത്തു.
ഇറാനിൽ ഒരു വിദേശ പൗരനും ഉപദ്രവിക്കപ്പെട്ടിട്ടില്ല. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ പൗരന്മാരുടെ ചില അഭിമുഖങ്ങള്‍ താന്‍ കണ്ടു. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടതായി അവര്‍ പറഞ്ഞിട്ടില്ല. നിലവിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ഇറാനില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.