എഐ മേഖലയില്‍ ഇന്ത്യ അത്ഭുതം; പ്രശംസിച്ച് ഐഎംഎഫ് മേധാവി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ഇന്ത്യ കൈവരിച്ച അസാമാന്യമായ പുരോഗതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി (IMF) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ
ദാവോസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റങ്ങളെ ക്രിസ്റ്റലീന ജോർജീവ പ്രശംസിച്ചത്.
ടെക് ആവാസവ്യവസ്ഥയിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കിടെ എഐ മേഖലയില്‍ ഇന്ത്യ ഒരു പ്രധാന ശക്തിയായി മാറി. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, സാമ്പത്തിക പരിഷ്കാരങ്ങൾ, ഐടി മേഖല തുടങ്ങിയവയെ ക്രിസ്റ്റലീന ജോർജീവ പുകഴ്ത്തി.
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. ഐടി മേഖലയിൽ ഇന്ത്യയുടെ വിദഗ്ധര്‍ എഐ യുഗത്തില്‍ കരുത്താണ്. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകള്‍, സാങ്കേതികവിദ്യ തുടങ്ങിയവ ഇന്ത്യയെ മുന്‍നിരയിലെത്തിക്കുന്നു. എഐ മേഖലയിലെ പുരോഗതിയില്‍ ഇന്ത്യയോട് ബഹുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
എഐ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ‘രണ്ടാമത്തെ ഗ്രൂപ്പില്‍’ ഉള്‍പ്പെടുത്തിയതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയുടെ റാങ്കിങ് അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍നിരയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഐഎംഎഫ് നിലപാട് വ്യക്തമാക്കിയത്. മോഡറേറ്റർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, എഐ വികസനത്തില്‍ ഇന്ത്യ പ്രധാന ശക്തിയാണെന്നും ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി.