Donald Trump: കാനഡയ്ക്ക് 100% താരിഫ്; ട്രംപിനെ ചൊടിപ്പിച്ചത് ചൈന കരാര്‍
Canada China Trade Deal: ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉത്പന്നങ്ങളും അയക്കാന്‍ കാനഡയെ ഒരു ഡ്രോപ്പ് ഓഫ് പോര്‍ട്ട് ആക്കുമെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍, അതൊരു തെറ്റിധാരണ മാത്രമാണെന്ന് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
വാഷിങ്ടണ്‍: കാനഡയ്‌ക്കെതിരെ 100 ശതമാനം തീരുവ ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറിനെ തുടര്‍ന്നാണ് ട്രംപിന്റെ താരിഫ് ഭീഷണി. കരാറുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ തീരുവ പ്രഖ്യാപനം.
ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉത്പന്നങ്ങളും അയക്കാന്‍ കാനഡയെ ഒരു ഡ്രോപ്പ് ഓഫ് പോര്‍ട്ട് ആക്കുമെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍, അതൊരു തെറ്റിധാരണ മാത്രമാണെന്ന് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കാനഡ ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍, നിങ്ങള്‍ അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100 ശതമാനം തീരുവ ചുമത്തും. ചൈന കാനഡയെ ജീവനോടെ വീഴുങ്ങും. അവരുടെ ബിസിനസുകള്‍, സാമൂഹിക ഘടന, ജീവിതരീതി എന്നിവയെല്ലാം നശിപ്പിക്കാന്‍ പോലും കരാര്‍ കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ട് അമേരിക്കയുമായുള്ള വ്യാപാരം കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. വ്യാപാര തടസങ്ങള്‍ നീക്കുന്നതും തീരുവ കുറയ്ക്കുന്നതിനുമായി കാനഡയും ചൈനയും വ്യാപാര കരാറില്‍ എത്തിയിരിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചു.
കാനഡയിലെ കനോല വിത്തുകളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. മാര്‍ച്ച് ഒന്നോടെ കനോല ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുമെന്ന് കരാറില്‍ പറയുന്നു. കനേഡിയന്‍ സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാനും സാധിക്കും. 6.1 ശതമാനം തീരുവയില്‍ കാനഡയിലേക്ക് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങളും ഇറക്കുമതി ചെയ്യും.