Turkey Plane Crash: തുര്‍ക്കിയില്‍ വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു
Mohammed Ali Ahmed al-Haddad Died: ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു സൈനിക മേധാവി. അദ്ദേഹത്തെ കൂടാതെ മറ്റ് നാല് ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍ ഹദ്ദാദ്
അങ്കറ: തുര്‍ക്കിയില്‍ വിമാനാപകടം. ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍ ഹദ്ദാദ് കൊല്ലപ്പെട്ടു. തലസ്ഥാനമായ അങ്കറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ലിബിയന്‍ വിമാനം നിലംപതിക്കുകയായിരുന്നു. 8.10 ന് പറന്നുയര്‍ന്ന വിമാനം അരണിക്കൂറോടെ ഹൈമാന മേഖലയിലാണ് പതിച്ചത്. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ലിബിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു സൈനിക മേധാവി. അദ്ദേഹത്തെ കൂടാതെ മറ്റ് നാല് ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്, എല്ലാവരും കൊല്ലപ്പെട്ടു.
കരസേന മേധാവി ജനറല്‍ അല്‍ ഫിതൂരി ഗ്രൈബില്‍, സൈനിക നിര്‍മാണ അതോറിറ്റി നയിച്ച ബ്രിഗേഡിയര്‍ ജനറല്‍ മഹ്‌മൂദ് അല്‍ ഖത്താവി, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ അസാവി ധിയാബ്, ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ സൈനിക ഫോട്ടോഗ്രാഫര്‍ മുഹമ്മദ് ഒമര്‍ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍.
Also Read: Greenland: ദേശീയ സുരക്ഷയ്ക്ക് യുഎസിന് ഗ്രീന്‍ലാന്‍ഡ് വേണം; പ്രത്യേക പ്രതിനിധിയെ നിയമിച്ച് ട്രംപ്
ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍ ഹദ്ദാദിന്റെയും മറ്റ് നാല് ഉദ്യോഗസ്ഥരുടെയും മരണം ലിബിയന്‍ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദ്‌ബൈബ സ്ഥിരീകരിച്ചു. പ്രതിനിധി സംഘം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ലിബിയക്ക് ഇതുവഴി വലിയ നഷ്ടം സംഭവിച്ചുവെന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
ലിബിയയിലെ സൈന്യത്തിനിടയില്‍ ഭിന്നത രൂക്ഷമാണ്. സൈന്യത്തെ ഏകീകരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വ്യക്തി കൂടിയാണ് ഹദ്ദാദ്.