കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളും; ശരിയായ സമയത്ത് തിരിച്ചടി ഉറപ്പ്, വ്യോമാക്രമണത്തോട് താലിബാൻ
നിലവിലുള്ള ധാരണകൾ പാകിസ്ഥാൻ ലംഘിച്ചുവെന്ന് താലിബാൻ ആരോപിച്ചു. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, സൗദി , ഖത്തർ, തുർക്കി എന്നിവയുൾപ്പെടെ എല്ലാ മധ്യസ്ഥ രാജ്യങ്ങളെയും തങ്ങൾ വിവരം അറിയിക്കുന്നുണ്ടെന്ന് താലിബാൻ
കിഴക്കൻ അഫ്ഗാനിലെ അതിർത്തി മേഖലകളിലെ പാക് വ്യോമാക്രമണത്തിൽ പ്രതികരണവുമായി താലിബാൻ. ശരിയായ സമയത്ത് പാകിസ്ഥാനുള്ള തിരിച്ചടി നൽകുമെന്നും, സ്ഥിതിഗതികൾ മനസ്സിലാക്കി വരികയാണെന്നും താലിബാൻ വ്യക്തമാക്കി. ഖോസ്റ്റ് , പക്തിക പ്രവിശ്യകളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഭീകര ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്ന് പാകിസ്ഥാൻ പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണെന്ന് താലിബാൻ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാകിസ്ഥാൻ ഇത് തള്ളിയിട്ടുണ്ട്.
നിലവിലുള്ള ധാരണകൾ പാകിസ്ഥാൻ ലംഘിച്ചുവെന്ന് താലിബാൻ ആരോപിച്ചു. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, സൗദി , ഖത്തർ, തുർക്കി എന്നിവയുൾപ്പെടെ എല്ലാ മധ്യസ്ഥ രാജ്യങ്ങളെയും തങ്ങൾ വിവരം അറിയിക്കുന്നുണ്ടെന്ന് താലിബാൻ വക്താക്കൾ പറയുന്നു. ഖോസ്റ്റ്, പക്തിയ, നംഗർഹാർ പ്രവിശ്യകളെ കൂടാതെ പക്തികയിലെ അർഗുൺ പ്രദേശത്തും മറ്റൊരു ആക്രമണമുണ്ടായതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാക് വ്യോമസേനയുടെ എഫ് -16, ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങളാണ് ആക്രമണത്തിന് പാകിസ്ഥാൻ വിന്ന്യസിച്ചത്. ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ചാവേർ ബോംബാക്രമണങ്ങൾക്കുള്ള തിരിച്ചടിയായെന്നാണ് പാകിസ്ഥാൻ പറയുന്നത്. അഫ്ഗാൻ പ്രദേശത്തെ തീവ്രവാദി ഗ്രൂപ്പുകളെ പറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും നടപടി എടുത്തില്ലെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടുന്നു.