UAE Weather Alert: യുഎഇയിൽ താപനില 40 ഡിഗ്രി കടന്നു; കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം
UAE Heatwave Alert: മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കും. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സംവിധാനം ശക്തി പ്രാപിക്കുന്നതോടെ ചൂട് ഇനിയും വർദ്ധിക്കും.
ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ നേരത്തെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് 40°C കടന്നു. അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് നിലവിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം.
സരായത്ത് സീസണും കാലാവസ്ഥാ മാറ്റവും
നിലവിൽ യുഎഇയിൽ സരായത്ത് സീസൺ ആണ് അനുഭവപ്പെടുന്നത്. മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ കാലാവസ്ഥ പെട്ടെന്ന് മാറുന്നത് സാധാരണമാണ്. കനത്ത ചൂടിനൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ പൊടിക്കാറ്റും ഈ സമയത്ത് പ്രതീക്ഷിക്കാം. ശനിയാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും രാത്രിയും പുലർച്ചെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Also Read – മെയ് മാസത്തിൽ 6 ദിവസം വരെ അവധി ലഭിക്കാൻ സാധ്യത, യുഎഇയിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കും. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. മെയ് പകുതിയോടെ ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സംവിധാനം ശക്തി പ്രാപിക്കുന്നതോടെ ചൂട് ഇനിയും വർദ്ധിക്കും. വടക്കേ ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉഷ്ണതരംഗം എത്തുന്നതോടെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50°C വരെ ഉയർന്നേക്കാമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷാ നിർദ്ദേശങ്ങൾ
- കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു
- പുറത്ത് ജോലി ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണം. തലകറക്കം, കടുത്ത തലവേദന, അമിതമായ ദാഹം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം.
- കടുത്ത ചൂടിൽ കാറിനുള്ളിൽ ലൈറ്ററുകൾ, പെർഫ്യൂം കുപ്പികൾ, സാനിറ്റൈസർ, പവർ ബാങ്കുകൾ എന്നിവ വയ്ക്കരുത്. ഇത് തീപിടുത്തത്തിന് കാരണമായേക്കാം.
- കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് മുതൽ ഞായറാഴ്ച വരെ രാജ്യം ഭാഗികമായി മേഘാവൃതമായിരിക്കും. കടുത്ത ചൂടിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന രീതിയിൽ വാരാന്ത്യത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും 37°C മുതൽ 42°C വരെയാണ് താപനില രേഖപ്പെടുത്തുന്നത്. എന്നാൽ വരാനിരിക്കുന്ന മഴയ്ക്കും കാറ്റിനും മുന്നോടിയായി ഈ താപനിലയിൽ വലിയ മാറ്റം പ്രകടമാകും. വരാന്ത്യത്തോടെ താപനില താഴുന്നതോടെ ചൂടിന് നേരിയ ശമനമുണ്ടാകും.
കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയായി കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പൊടിക്കാറ്റിനും മഴയ്ക്കുമുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അന്തരീക്ഷ മാറ്റം മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രവാസികൾ പ്രത്യേക ശ്രദ്ധ നൽകണം.