UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
UAE Passport and Visa Services From July 1: കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കാനാണ് ഈ മാറ്റമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയ പേജുകളിലെയും വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (U A E) ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്സിങ് സേവന ദാതാക്കളെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം അൽ ഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസ് എൽഎൽസിയെയാണ് പുതിയ സേവന ദാതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവിലെ കേന്ദ്രങ്ങൾ ജൂൺ 30 വരെ മാത്രം
നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ് (BLS International), എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവ ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും. 2026 ജൂലൈ 1 മുതൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽ ഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസിന്റെ കീഴിലുള്ള പുതിയ കേന്ദ്രങ്ങൾ വഴിയായിരിക്കും കൈകാര്യം ചെയ്യുക.
സേവന കേന്ദ്രങ്ങൾ, പ്രവൃത്തി സമയം, അപ്പോയിന്റ്മെന്റ് രീതികൾ, സർവീസ് ചാർജ് എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് അറിയിക്കുമെന്ന് എംബസി വ്യക്തമാക്കി.
ഏഴ് എമിറേറ്റുകളിലായി 16 പുതിയ കേന്ദ്രങ്ങൾ
യുഎഇയിലുടനീളമുള്ള അപേക്ഷകർക്കായി 16 പുതിയ കേന്ദ്രങ്ങളാണ് അൽ ഹിന്ദ് സജ്ജമാക്കുന്നത്. അൽ ഹിന്ദ് പ്രതിനിധികളുമായി ഇന്ത്യൻ മിഷൻ കരാർ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
പുതിയ കേന്ദ്രങ്ങൾ എവിടെയെല്ലാം?
- അബുദാബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദിനാത് സായിദ്, ഗയാത്തി, അൽ ഐൻ.
- ദുബായ് (2 കേന്ദ്രങ്ങൾ): ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP).
- ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റോള.
- മറ്റ് എമിറേറ്റുകൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ.
കോൺസുലാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കാനാണ് ഈ മാറ്റമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയ പേജുകളിലെയും വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.
English Summary
The Indian Embassy in Abu Dhabi has appointed Alhind Tours and Travels LLC as the new outsourced service provider for passport, visa, and consular services in the UAE, effective July 1, 2026. The current providers, BLS International and SGIVS Global, will accept applications until June 30, 2026. Alhind will operate 16 new centres across all seven emirates, including Abu Dhabi, Dubai, and Sharjah, ensuring a seamless transition and high-quality services.