US-Iran Conflict: ഇറാനിൽ വിവാഹച്ചടങ്ങിനിടെ അമേരിക്കയുടെ മിസൈലാക്രമണം; 4 മരണം, അൻപതിലേറെ പേർക്ക് പരിക്ക്
Child Among 4 Dead After US Strike on Iranian Wedding: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും പ്രദേശത്ത് വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്കും നേരെ അടുത്തിടെ നടന്ന ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിരിക് കൗണ്ടിയിൽ എന്താണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് വ്യക്തമായിട്ടില്ല

ആക്രമണത്തിൻ്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ നിന്നും
തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇറാനിയൻ റെഡ് ക്രസൻ്റ് അറിയിച്ചു. പ്രദേശത്ത് വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് കൗണ്ടിയിൽ ഉൾപ്പെടുന്ന കുഹെസ്തക് നഗരത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.
ജനവാസ കേന്ദ്രത്തിൽ വിവാഹ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കൻ മിസൈലിൻ്റെ അവശിഷ്ടങ്ങൾ പതിച്ചതെന്ന് ഇറാനിയൻ റെഡ് ക്രസൻ്റ് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിന് ശേഷം സിരിക്കിലെ വിവാഹ വേദിയിലുണ്ടായ നാശനഷ്ടങ്ങളുടെയും തകർന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറായ അഹ്മദ് നഫീസിയും സംസ്ഥാന ടെലിവിഷനിലൂടെ പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് പേർ രക്തസാക്ഷികളായെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നുമാണ് അദ്ദേഹം ആദ്യം നൽകിയ വിവരം. എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നാണ് സിരിക് കൗണ്ടി സ്ഥിതി ചെയ്യുന്നത്
ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും പ്രദേശത്ത് വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്കും നേരെ അടുത്തിടെ നടന്ന ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിരിക് കൗണ്ടിയിൽ എന്താണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ, ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള നിരവധി നഗരങ്ങളിലും, തെക്കൻ കെർമാൻ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തിലും വലിയ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങളെ തുടർന്നാണ് ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള യുദ്ധം തുടങ്ങിയത്. അന്ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായ അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയെന്നോണം മേഖലയിലുടനീളം ഇറാൻ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഏതാണ്ട് നാൽപത് ദിവസത്തോളമാണ് ആദ്യ ഘട്ടത്തിലെ ബോംബാക്രമണങ്ങൾ നീണ്ടുനിന്നത്. നിലവിൽ സംഘർഷങ്ങളുടെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇപ്പോഴും ഇടവിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്.
English Summary
A US missile strike hit a wedding celebration in southern Iran’s Sirik county, killing four people, including a child, and injuring over 50. The attack occurred amid an ongoing conflict between Iran and the US, following American claims of targeting Revolutionary Guards in response to attacks on commercial shipping.