8th Pay Commission: ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?
8th Pay Commission Delay: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷനെ രൂപീകരിച്ചത്. അതിനാൽ, അന്തിമ ശുപാർശകൾ സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ വൈകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും പരിശോധിച്ചാലോ...

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പളപരിഷ്കരണ കമ്മീഷനെ രൂപീകരിക്കുന്നതും ശമ്പളപരിഷ്കരണം നടപ്പാക്കുന്നതും. അതുപ്രകാരം, 2025 ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതായത്, ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം പ്രാബല്യത്തിൽ വരണം. എന്നാൽ ശമ്പള വർധനവ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക് തിരിച്ചടി നൽകി 2026 പകുതിയായിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷനെ രൂപീകരിച്ചത്. അതിനാൽ, അന്തിമ ശുപാർശകൾ സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ വൈകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നും പരിശോധിച്ചാലോ…
ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?
നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി
എട്ടാം ശമ്പളകമ്മീഷന് മുമ്പിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. ആദ്യം ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ജൂൺ 15 വരെ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്. ഇത് നടപടികൾ വൈകുന്നതിനും കാരണമാകുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമാണ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
ALSO READ: 18,000 അല്ല, ഇനി 69,000 രൂപ, പക്ഷേ കുറച്ചു കാത്തിരിക്കണം!
രാജ്യവ്യാപകമായി ചർച്ചകൾ
അടിസ്ഥാശമ്പള വർധനവ്, പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ വിപുലമായ ചർച്ചകൾ നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേക്ക് ഹോൾഡർമാരുമായി കമ്മീഷൻ നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. ന്യൂഡൽഹി, പുണെ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങൾക്ക് ശേഷം ജൂൺ ആദ്യവാരം ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലും, ജൂലൈ മാസത്തിൽ ഒഡീഷ (ഭുവനേശ്വർ), പശ്ചിമ ബംഗാൾ (കൊൽക്കത്ത) തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തുന്നുണ്ട്.
പെൻഷൻ പദ്ധതി
പെൻഷൻ സംബന്ധിച്ച് കടുത്ത ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ, പെൻഷൻ തുക നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഓരോ 5 വർഷത്തിലും പെൻഷൻ തുകയിൽ അധിക വർദ്ധനവ് നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ വ്യക്തമായ തീരുമാനമെടുക്കാൻ കാലതാമസം നേരിടുന്നുണ്ട്.
ശുപാർശകൾ സമർപ്പിക്കാനുള്ള സമയം
എട്ടാം ശമ്പളകമ്മീഷന്റെ രൂപീകരണത്തിൽ സംഭവിച്ച കാലതാമസമാണ് ശമ്പള പരിഷ്കരണത്തെയും ബാധിച്ചിരിക്കുന്നത്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിക്കാനിരിക്കെ, നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ നിബന്ധനകൾക്ക് സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയവും അനുവദിച്ചു. ഇതനുസരിച്ച് 2027 പകുതിയോടെ മാത്രമേ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വരും.
ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെ?
ശമ്പള പരിഷ്കരണത്തിന് കാലതാമസം വരുന്നത് കുടിശ്ശിക കൂടാൻ കാരണമാകുന്നുണ്ട്. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടതിനാൽ, വൈകുന്ന ഓരോ മാസവും ജീവനക്കാരുടെ കുടിശ്ശിക തുക വർധിച്ചുകൊണ്ടേയിരിക്കും. ഏകദേശം 20 മുതൽ 24 മാസത്തെ കുടിശ്ശിക തുക ഒരുമിച്ച് ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ, വീട്ടുവാടക അലവൻസ് പോലുള്ള ചില ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ലഭിക്കാറില്ല. ഇത് ജീവനക്കാർക്ക് വലിയ നഷ്ടം വരുത്തും.
English Summary:
The delay in the 8th Central Pay Commission is mainly due to the extensive consultation process and the late formation of the commission. Commission is still gathering feedback from employee unions, pensioners, and other stakeholders across the country.