8th Pay Commission: അടിസ്ഥാന ശമ്പളം 69,000 രൂപയാകുമോ? സർക്കാർ ജീവനക്കാർക്ക് ജൂലൈ 31 നിർണായകം!
8th Pay Commission Update: ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമ്മീഷന്റെ അന്തിമ റിപ്പോർട്ട് 2027 പകുതിയോടെ സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ശമ്പളം, അലവൻസുകൾ, പെൻഷൻ ഘടന എന്നിവ പുതുക്കുന്നതിനുള്ള നിർണായക വിവരങ്ങൾ സമർപ്പിക്കാൻ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും യൂണിയൻ ഭരണപ്രദേശങ്ങൾക്കും കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഔദ്യോഗിക ‘ഡാറ്റാ കളക്ഷൻ പോർട്ടൽ’ വഴി ആവശ്യമായ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 30 ആയിരുന്നു.
തീയതി നീട്ടാനുള്ള കാരണം
നേരത്തെ വിവരങ്ങൾ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 30 ആയിരുന്നു. എന്നാൽ, നിശ്ചിത സമയത്തിനകം വലിയ തോതിലുള്ള ഔദ്യോഗിക വിവരങ്ങൾ സമാഹരിച്ച് സമർപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും കമ്മീഷനോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ തീയതി നീട്ടിയത്. ജൂലൈ 31-നകം തന്നെ എല്ലാ നോഡൽ ഓഫീസർമാരും വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ പോർട്ടൽ വഴി മാത്രം
നിശ്ചിത ഓൺലൈൻ പോർട്ടൽ വഴി അല്ലാതെ സമർപ്പിക്കുന്ന യാതൊരു വിവരങ്ങളും കമ്മീഷൻ സ്വീകരിക്കുകയോ പരിഗണിക്കുകയോ ഇല്ലെന്ന് പുതിയ സർക്കുലറിൽ ശമ്പള കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. ഫിസിക്കൽ കോപ്പികൾ, ഇമെയിലുകൾ, എക്സൽ ഷീറ്റുകൾ, പിഡിഎഫ് ഫയലുകൾ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെ അയക്കുന്ന വിവരങ്ങൾ പൂർണ്ണമായി നിരസിക്കുന്നതാണ്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നതിന് മുമ്പായി ജീവനക്കാരുടെ ഘടനയെക്കുറിച്ച് കൃത്യമായ പഠനം നടത്താനാണ് ഈ ഡാറ്റാ ശേഖരണം.
ALSO READ: ജീവനക്കാരുടെ ശമ്പളം 32,000 കടക്കുമോ? ഫിറ്റ്മെന്റ് ഫാക്ടർ കണക്കുകൾ ഇങ്ങനെ
നിലവിൽ, വിവരശേഖരണത്തിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിനിധികളുമായും പെൻഷനേഴ്സ് അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ട് ചർച്ചകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 6, 7 തീയതികളിൽ ഭുവനേശ്വറിലും, ജൂലൈ 9, 10 തീയതികളിൽ കൊൽക്കത്തയിലും കമ്മീഷൻ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. ഈ വിവരങ്ങളും ചർച്ചകളിലെ നിർദ്ദേശങ്ങളും വിലയിരുത്തി തയ്യാറാക്കുന്ന കമ്മീഷന്റെ അന്തിമ റിപ്പോർട്ട് 2027 പകുതിയോടെ സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന ശമ്പളം കൂടുമോ?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഇത് ഗണ്യമായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. നിലവിലെ ജീവിതച്ചിലവും പണപ്പെരുപ്പവും കണക്കിലെടുത്ത് അടിസ്ഥാന ശമ്പളം 26,000 രൂപ മുതൽ 34,400 രൂപ വരെയായി ഉയർത്തിയേക്കുമെന്നാണ് സൂചനകൾ. എന്നാൽ, ജീവനക്കാരുടെ ചില ഗ്രൂപ്പുകൾ ഇത് 69,000 രൂപ വരെയാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏഴാം ശമ്പള കമ്മീഷനിൽ ശമ്പളം നിർണ്ണയിക്കുന്നതിനായി 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 മുതൽ 3.68 വരെയായി ഉയർത്തണമെന്നാണ് ആവശ്യം. കൂടാതെ, ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാൽ അത് അടിസ്ഥാന ശമ്പളത്തോട് ചേർക്കണമെന്ന നിർദ്ദേശമുണ്ട്. നിലവിൽ ഡിഎ 50% കടന്ന സാഹചര്യത്തിൽ, എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ പുതിയ ശമ്പള സ്കെയിലിലേക്ക് ഇത് പൂർണ്ണമായും ലയിപ്പിക്കപ്പെട്ടേക്കും. ഇതും അടിസ്ഥാന ശമ്പളം ഉയരാൻ കാരണമാകും.
English Summary:
8th Central Pay Commission has extended the deadline for Central ministries, departments, and Union Territories to submit the required data through its online Data Collection Portal until July 31, 2026. The extension was granted after several government bodies requested additional time to compile and upload the necessary information.