8th Pay Commission: മിനിമം ശമ്പളം 69,000 രൂപയിലേക്ക്, ശമ്പളപരിഷ്കരണത്തിന് എത്ര മാസം കൂടി?
8th Pay Commission Implementation Date: എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും നിരവധി ആവശ്യങ്ങളാണ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, ഫാമിലി യൂണിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം....
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും പരിഷ്കരണം വരുത്തുന്നതിനായുള്ള എട്ടാം ശമ്പള കമ്മീഷനുമായി (8th Pay Commission) ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും നിരവധി ആവശ്യങ്ങളാണ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, ഫാമിലി യൂണിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം….
പ്രധാന ആവശ്യങ്ങൾ എന്തെല്ലാം?
3.83 ഫിറ്റ്‌മെന്റ് ഫാക്ടർ
പുതിയ ശമ്പള ഘടന നിശ്ചയിക്കുന്നതിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ മൾട്ടിപ്ലെയറായി ഉപയോഗിക്കണമെന്നാണ് പ്രധാന ആവശ്യം. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു.
അഞ്ച് അംഗ ഫാമിലി യൂണിറ്റ്
കുറഞ്ഞ ശമ്പളം കണക്കാക്കാൻ കുടുംബത്തിൽ 3 അംഗങ്ങൾക്ക് പകരം 5 അംഗങ്ങൾ (ജീവനക്കാരൻ, പങ്കാളി, രണ്ടു കുട്ടികൾ, പ്രായമായ മാതാപിതാക്കൾ) ഉള്ളതായി പരിഗണിക്കണമെന്ന് ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷനും മറ്റ് യൂണിയനുകളും നിർദ്ദേശിച്ചിട്ടുണ്ട്.
ALSO READ: ക്ഷാമബത്ത 3% ഉയർന്നേക്കും, ഡിഎ വർധനവ് ഈ ആഴ്ചയിലോ?
കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയോ?
നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 18,000 രൂപയാണ് മിനിമം അടിസ്ഥാന ശമ്പളം. ഇത് എട്ടാം ശമ്പള കമ്മീഷനിൽ 69,000 രൂപ ആയി ഉയർത്തണമെന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ മറ്റൊരു പ്രധാന ആവശ്യം. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആയി നിശ്ചയിച്ചാൽ ഇത് സാധ്യമാണ്, (18,000 × 3.83 = 68,940, ഏകദേശം 69,000 രൂപ). അതേസമയം, 69,000 അടിസ്ഥാന ശമ്പളവും 3.83 ഫിറ്റ്‌മെന്റ് ഫാക്ടറും നിലവിൽ ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുന്നിൽ വച്ചിട്ടുള്ള ആവശ്യങ്ങൾ മാത്രമാണ്. കേന്ദ്ര സർക്കാരോ ശമ്പള കമ്മീഷനോ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
യോഗവും ചർച്ചകളും
വിവിധ മേഖലകളിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കമ്മീഷൻ തുടർച്ചയായ ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവും ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിലും യോഗങ്ങൾ നടത്തപ്പെടും. ലഭിക്കുന്ന ശുപാർശകളും കണക്കുകളും അടിസ്ഥാനമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ശമ്പള കമ്മീഷന് 18 മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്.
ശമ്പള പരിഷ്കരണം എന്ന്?
2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്. കമ്മീഷന്റെ കാലാവധി 18 മാസമാണ്. രാജ്യവ്യാപകമായുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് 2027 മെയ്-ജൂൺ മാസത്തോടെ സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവാകുന്നതോടെ, 2026 ജനുവരി 1 മുതലുള്ള കുടിശ്ശിക സഹിതമായിരിക്കും ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പളം ലഭ്യമാകുന്നത്.
English Summary:
The 8th Pay Commission was constituted in November 2025 and has a tenure of 18 months. After conducting nationwide studies, consultations, and discussions on various aspects of salaries and allowances, the Commission is expected to submit its report to the government by May or June 2027.