Anil Ambani: വായ്പാ തട്ടിപ്പ് കേസ്; അനിൽ അംബാനിക്ക് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
Anil Ambani: ആരോപണങ്ങൾ നിഷേധിച്ച് റിലയൻസ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. വായ്പാത്തുക 6,500 കോടി രൂപ മാത്രമാണെന്നിരിക്കെ 10,000 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിക്കുന്നത് എങ്ങനെയെന്ന് കമ്പനി അധികൃതർ ചോദിക്കുന്നു.

Anil Ambani
റെയ്ഡിന് പിന്നാലെ റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അംബാനിയ്ക്ക് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായാണ് സമൻസ് അയച്ചത്. ഓഗസ്റ്റ് 5 ന് ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരമാണ് ഏജൻസി അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ആഴ്ച മുംബൈയിലെ 35 സ്ഥലങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 25 പേരെ ചോദ്യം ചെയ്തു. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന സെബിയുടെ റിപ്പോർട്ട് പ്രകാരമാണ് ഇഡിയുടെ അന്വേഷണം.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് റിലയൻസ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. വായ്പാത്തുക 6,500 കോടി രൂപ മാത്രമാണെന്നിരിക്കെ 10,000 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിക്കുന്നത് എങ്ങനെയെന്ന് കമ്പനി അധികൃതർ ചോദിക്കുന്നു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഏകദേശം 10,000 കോടി രൂപ വകമാറ്റിയെന്നാണ് സെബിയുടെ റിപ്പോർട്ട്. സിഎൽഇ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഒരു ഗ്രൂപ്പ് കമ്പനിയാണെന്ന് കണ്ടെത്തി. ശരിയായ വെളിപ്പെടുത്തലുകളില്ലാതെ വലിയ തുകകൾ കൈമാറാൻ കമ്പനിയെ ഉപയോഗിച്ചുവെന്നും, ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ഒടുവിൽ പ്രൊമോട്ടർ ഗ്രൂപ്പിനും നേട്ടമുണ്ടാക്കിയെന്നും സെബി പറഞ്ഞു.