Ayushman Bharat: 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം
Ayushman Bharat Senior Citizens Scheme Benefits: പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 70 വയസും അതിന് മുകളില്‍ പ്രായമുള്ളതുമായ മുതിര്‍ന്ന പൗരന്മാരുള്ള കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ആ തുകയില്‍ ഇപ്പോള്‍ പരിഷ്‌കരണം സംഭവിച്ചിരിക്കുകയാണ്.
രാജ്യത്തെ മുതിര്‍ന്ന പൗരന്മാരെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 70 വയസും അതിന് മുകളില്‍ പ്രായമുള്ളതുമായ മുതിര്‍ന്ന പൗരന്മാരുള്ള കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ആ തുകയില്‍ ഇപ്പോള്‍ പരിഷ്‌കരണം സംഭവിച്ചിരിക്കുകയാണ്.
10 ലക്ഷം രൂപയാണ് ഇനി മുതല്‍ ആരോഗ്യ പരിരക്ഷയ്ക്കായി ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ അംഗങ്ങളായുള്ള കുടുംബത്തിന് 10 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുമെങ്കിലും, നിങ്ങള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
5 ലക്ഷം രൂപയുടെ അധിക പരിരക്ഷ മുതിര്‍ന്ന പൗരന്മാരുടെ ചികിത്സ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന 5 ലക്ഷം ചികിത്സയ്ക്ക് വിനിയോഗിച്ച് തീര്‍ന്നുപോയാല്‍, ഒരിക്കലും അധിക 5 ലക്ഷം ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ ഇന്‍ഷുറന്‍സിന്റെ കവര്‍ രണ്ട് ഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
ആര്‍ക്കാണ് അര്‍ഹത?
ഈ സ്‌കീമിന്റെ ഭാഗമാകുന്നതിനുള്ള യോഗ്യതകളില്‍ ഒന്ന് 70 വയസും അതിനും മുകളിലും പ്രായമുണ്ടായിരിക്കണം എന്നതാണ്. വരുമാനം, തൊഴില്‍, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കപ്പെടുന്നില്ല.
Also Read: Atal Pension Yojana: മാസം 5000 രൂപ വരെ പെൻഷൻ, അഞ്ച് വർഷം കൂടി തുടരും; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ് ആണ് പദ്ധതിയില്‍ ചേരുന്നതിനുള്ള രേഖ. ആധാര്‍ വഴിയാണ് ഇ കെവൈസി പൂര്‍ത്തിയാക്കേണ്ടത്. മറ്റ് രേഖകളൊന്നും വേണ്ട. ആധാര്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ജനന വര്‍ഷത്തിന് ശേഷമുള്ള വര്‍ഷം ജനുവരി 1 ഔദ്യോഗിക ജനനത്തീയതിയായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ആയുഷ്മാന്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ ആയുഷ്മാന്‍ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ തീയതി മുതല്‍ ചികിത്സ സൗകര്യങ്ങള്‍ ലഭിക്കും.