Bamboo Farming: ഇതാണ് പണം കായ്ക്കുന്ന മരം, ‘ഗ്രീന്‍ ഗോള്‍ഡ്’ കൃഷി ചെയ്യൂ; വരുമാനം ലക്ഷങ്ങള്‍
Bamboo Farming Business: പേപ്പർ മില്ലുകൾ, ഫർണിച്ചർ വ്യവസായം, അഗർബത്തി നിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ ഇവയ്ക്ക് വൻ ഡിമാൻഡുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും ഒരിക്കൽ നട്ടാൽ ദീർഘകാലം വരുമാനം നൽകുന്നതുമായ കൃഷിയാണിത്.
വിലക്കയറ്റത്തിൽ വലയുന്നതിനിടെ അധിക വരുമാനം എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണോ? അധ്വാനിക്കാൻ മനസുണ്ടെങ്കിൽ കൃഷി തന്നെയാണ് ഇതിന് മികച്ച വഴി. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും ഒരിക്കൽ നട്ടാൽ ദീർഘകാലം വരുമാനം നൽകുന്നതുമായ ഒന്നാണ് മുള കൃഷി. പേപ്പർ മില്ലുകൾ, ഫർണിച്ചർ വ്യവസായം, അഗർബത്തി നിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ മുളയ്ക്ക് വൻ ഡിമാൻഡുണ്ട്.
മുള കൃഷി – ലാഭം എങ്ങനെ?
ഒരു ഏക്കറിൽ ഏകദേശം 500 മുളകൾ വരെ നടാം. തൈകളുടെ ഗുണനിലവാരം അനുസരിച്ച് ഒന്നിന് 25 രൂപ മുതൽ 100 രൂപ വരെയാണ് വില. ആദ്യ വർഷം തൈകൾ വാങ്ങുന്നതിനും, വളം, ജലസേചനം, ഭൂമി ഒരുക്കൽ എന്നിവയ്ക്കുമായി ഏകദേശം 2.16 ലക്ഷം രൂപ ചിലവ് വരും.
അഞ്ച് വർഷത്തെ ആകെ ചിലവ് ഏകദേശം 5.84 ലക്ഷം രൂപയായിരിക്കും. ഇതിൽ പല ചിലവുകളും ഒറ്റത്തവണ മാത്രമുള്ളതാണ്. മുളകൾ വെട്ടാൻ പാകമാകാൻ ഏകദേശം അഞ്ച് വർഷം എടുക്കും. 500 മുളകൾ നട്ടാലും അഞ്ച് വർഷം കഴിയുമ്പോൾ അത് 25,000 മുതൽ 35,000 മുളകളായി വർദ്ധിച്ചിട്ടുണ്ടാകും.
ഒരു മുളയ്ക്ക് ശരാശരി 50 രൂപ നിരക്കിൽ വിറ്റാൽ പോലും 15 ലക്ഷം രൂപ വരുമാനം ലഭിക്കും. ചിലവ് കഴിച്ച് അഞ്ച് വർഷം കൊണ്ട് ഏകദേശം 9.16 ലക്ഷം രൂപ ലാഭമായി ലഭിക്കും. ആദ്യ വിളവെടുപ്പിന് ശേഷം വരുമാനം വീണ്ടും വർദ്ധിക്കും. അടുത്ത തവണ ഒരു ഏക്കറിൽ നിന്ന് 50,000 മുതൽ ഒരു ലക്ഷം മുളകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ALSO READ: ഇടവിളയായി കൃഷി ചെയ്യാം; 20,000 രൂപ വരെ ലാഭം നേടാം
സർക്കാർ സബ്‌സിഡികളും വിപണി സാധ്യതകളും
ദേശീയ മുള ദൗത്യത്തിന് (National Bamboo Mission) കീഴിൽ ചെറുകിട കർഷകർക്ക് ഒരു പ്ലാന്റിന് 120 രൂപ വരെ സബ്‌സിഡി ലഭിക്കും. കൃഷി ചിലവിന്റെ 50 ശതമാനം വരെ സർക്കാർ സഹായം ലഭിക്കും. ഇത് മൂന്ന് വർഷത്തെ ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.
പ്ലൈവുഡ് നിർമ്മാണം, ഹാൻഡ്‌ക്രാഫ്റ്റുകൾ, വീട് അലങ്കാരം, എഥനോൾ നിർമ്മാണം തുടങ്ങിയ മേഖലകളിൽ മുളയ്ക്ക് ഇന്ന് വലിയ ആവശ്യക്കാരുണ്ട്. മുളയുടെ മുകുളങ്ങൾ ഭക്ഷണമായും ഉപയോഗിക്കുന്നു, ഇതിനും വലിയ വിപണിയുണ്ട്.