T20 World Cup 2026: “ബംഗ്ലാദേശിനെ വഴിതെറ്റിക്കുന്നത് പാകിസ്താൻ”; രൂക്ഷവിമർശനവുമായി ബിസിസിഐ
BCCI Against Pakistan: പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ബിസിസിഐ. ബംഗ്ലാദേശിനെ പാകിസ്താൻ പ്രകോപിപ്പിക്കുകയാണെന്ന് ബിസിസിഐ ആരോപിച്ചു.
ബംഗ്ലാദേശിനെ വഴിതെറ്റിക്കുന്നത് പാകിസ്താനാണെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല. പാകിസ്താൻ ബംഗ്ലാദേശിനെ അനാവശ്യമായി പ്രകോപിപ്പിച്ച് അവരെ വഴിതെറ്റിക്കുകയാണെന്ന് രാജീവ് ശുക്ല ആരോപിച്ചു. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയതുമായി ബന്ധപ്പെട്ടാണ് രാജീവ് ശുക്ലയുടെ ആരോപണം.
ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കിയിരുന്നു എന്ന് ശുക്ല പ്രതികരിച്ചു. അവസാന നിമിഷം ടൂർണമെന്റ് ഷെഡ്യൂൾ മാറ്റുന്നത് പ്രായോഗികമല്ല. വിഷയത്തിൽ പാകിസ്താൻ അനാവശ്യമായി ഇടപെടുന്നു. അവർ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയാണ്. പാകിസ്താൻ ബംഗ്ലാദേശിനോട് എന്താണ് ചെയ്തതെന്ന് ലോകത്തിനും ബംഗ്ലാദേശികൾക്കും നന്നായി അറിയാം. ഇപ്പോൾ സഹതാപം പ്രകടിപ്പിച്ച് ബംഗ്ലാദേശിനെ തെറ്റായ പാതയിലേക്ക് നയിക്കാനാണ് അവരുടെ ശ്രമമെന്നും ശുക്ല ആരോപിച്ചു.
അതേസമയം, ടി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ്റെ തീരുമാനം. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിൽ ഇന്ത്യക്കെതിരെ തീരുമാനിച്ചിരിക്കുന്ന മത്സരം ബഹിഷ്കരിക്കാനാണ് പാകിസ്താൻ ആലോചിക്കുന്നത്.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാകിസ്താൻ സർക്കാരുമായി നടത്തിയ ചർച്ചയിൽ ബഹിഷ്കരണ തീരുമാനമെടുത്തെന്നാണ് സൂചന. ഫെബ്രുവരി രണ്ടിന് മുൻപ് ഇക്കാര്യത്തിൽ പിസിബി തങ്ങളുടെ തീരുമാനം അറിയിക്കുമെന്ന് മൊഹ്സിൻ നഖ്‌വി തന്നെ അറിയിച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ആണ് ടി20 ലോകകപ്പ് കളിക്കുക. ഇക്കാര്യം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നില്ല. തീരുമാനമറിയിക്കാൻ ഐസിസി നൽകിയ സമയം അവസാനിച്ചതോടെയാണ് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയത്.