Biriyani Rice Price: വെളിച്ചെണ്ണ വിലയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് ബിരിയാണി അരിയും, 3 മാസത്തിനിടെ 35% വർധന
Biriyani Rice Price Hike: കാലാവസ്ഥ വ്യതിയാനവും, മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉൽപാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായതെന്ന് കരുതപ്പെടുന്നു.

Biriyani
വെളിച്ചെണ്ണ വില വർധനവിന് പിന്നാലെ കത്തികയറി ബിരിയാണി അരി വിലയും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 35 ശതമാനത്തോളം വർധനവ് ഉണ്ടായെന്നാണ് കണക്കുകൾ. 60 രൂപ വരെ വില ഉണ്ടായിരുന്ന ബിരിയാണി അരിക്ക് മൂന്ന് മാസത്തിന് ഇടയിൽ 230 രൂപയായി വില വർധിച്ചത്.
പ്രമുഖ കമ്പനികളുടെ കൈമ അരി കിലോയ്ക്ക് 180 മുതല്‍ 190 വരെ ഉണ്ടായിരുന്നത് പുതിയ സ്റ്റോക്ക് ഇറക്കിയതോടെ 235 മുതല്‍ 250 രൂപ വരെ വില കുത്തനെ ഉയര്‍ന്നു. അരി വില വർധിച്ചതോടെ ഹോട്ടലുകളിൽ ബിരിയാണി വിലയും കൂടി. 140 രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് ചെറുകിട ഹോട്ടലുകൾ 180 രൂപ വരെ വില ഉയർത്തിയിട്ടുണ്ട്.
കേരളത്തിലേക്ക് കൈമ അരി എത്തുന്നത് ബംഗാളിൽ നിന്നാണ്. ആന്ധ്ര, നാഗ്പുർ, പഞ്ചാബ്, കശ്മീർ, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് ബസുമതി, കോല ഇനം അരികൾ എത്തുന്നത്. കാലാവസ്ഥ വ്യതിയാനവും, മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉൽപാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്. കൂടാതെ കയറ്റുമതി കൂടിയതും വൻകിടക്കാർ അരി ശേഖരിച്ചുവച്ചതും വിലക്കയറ്റത്തിലേക്ക് നയിച്ചെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ALSO READ: പച്ചത്തേങ്ങയ്ക്ക് 55 രൂപ, കൊപ്രയും വീണു; വെളിച്ചെണ്ണയ്ക്ക് വില കുറയുമോ?
വെളിച്ചെണ്ണ വിലയ്ക്ക് പിന്നാലെ ബിരിയാണി അരിയുടെ വില വർധിച്ചതോടെ ഹോട്ടൽ നടത്തിപ്പുക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഓണം അടുത്തതോടെ പച്ചക്കറി വിലയും ഉയർന്നു. പ്രധാനമായും കാരറ്റ്, പയര്‍, മുളക് എന്നിവയുടെ വിലയാണ് കൂടിയിരിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ ഉണ്ടായിരുന്ന കാരറ്റ്, മുളക് എന്നിവ 80ലേക്ക് ഉയര്‍ന്നു. 30 മുതല്‍ 40 വരെ ഉണ്ടായിരുന്ന പയറിനും 80 രൂപയാണ് വില.