Coconut Oil Price Hike: കേരളത്തില്‍ വെളിച്ചെണ്ണ വില 500 കടന്നു; ആശങ്കയൊഴിയാതെ വിപണി
Coconut Oil Price Hike In Kerala: ലിറ്ററിന് 110 രൂപയാണ് കേര വെളിച്ചെണ്ണയ്ക്ക് വര്‍ധിച്ചത്. മറ്റ് ബ്രാന്‍ഡഡ് ആയ വെളിച്ചെണ്ണകളുടെ വില ലിറ്ററിന് 480 രൂപ തുടരുകയാണ്. 2025ന്റെ തുടക്കത്തില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് താഴെ മാത്രമായിരുന്നു വില ഉണ്ടായിരുന്നത്.
കേരളത്തില്‍ വന്‍ കുതിപ്പ് തുടരുകയാണ് വെളിച്ചെണ്ണ വില. കഴിഞ്ഞ ദിവസങ്ങളില്‍ 400 രൂപയ്ക്കും 500 രൂപയ്ക്കും ഇടയില്‍ വ്യാപാരം നടന്ന വെളിച്ചെണ്ണ ഇന്നിതാ 500 രൂപയും മറികടന്നിരിക്കുകയാണ്. 529 യാണ് നിലവില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ഒരു ലിറ്റര്‍ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വിലയാണ് 529 ആയി ഉയര്‍ന്നത്.
ലിറ്ററിന് 110 രൂപയാണ് കേര വെളിച്ചെണ്ണയ്ക്ക് വര്‍ധിച്ചത്. മറ്റ് ബ്രാന്‍ഡഡ് ആയ വെളിച്ചെണ്ണകളുടെ വില ലിറ്ററിന് 480 രൂപ തുടരുകയാണ്. 2025ന്റെ തുടക്കത്തില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് താഴെ മാത്രമായിരുന്നു വില ഉണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ മാസം കൊണ്ട് വില വര്‍ധിക്കുകയായിരുന്നു.
ഓണത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കേ ഉണ്ടാകുന്ന വില വര്‍ധനവ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഇനിയും വില വര്‍ധിക്കുന്നത് ഓണ വിപണിക്ക് തിരിച്ചടിയാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.




നാളികേരത്തിന്റെ കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞതിനോടൊപ്പം കേരളം, തമിഴ്‌നാട്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉത്പാദനം 20% വരെ കുറഞ്ഞതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. 2025ന്റെ തുടക്കത്തില്‍ 33 രൂപയായിരുന്നു ഒരു കിലോ നാളികേരത്തിന്റെ വില. എന്നാല്‍ ഇപ്പോള്‍ 70 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയ്ക്ക് ഈടാക്കുന്നത്.
വെളിച്ചെണ്ണയുടെ വില വര്‍ധനവ് പാമോയിലിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. പാമോയില്‍ വിപണിയില്‍ എത്തിക്കാന്‍ സപ്ലൈകോയും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിപണിയില്‍ വലിയ തലവേദന സൃഷ്ടിക്കുന്നത് വ്യാജ വെളിച്ചെണ്ണയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് കടിഞ്ഞാണിടമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.