Coconut Oil Price Hike: കൂടിയത് 110 രൂപ, വെളിച്ചെണ്ണ വില വർധനവിന്റെ യഥാർത്ഥ കാരണമിത്
KERAFED Oil Price: വില വർധനവിന് പിന്നാലെ ഓണക്കാലത്തെ കേരാഫെഡിന്റെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവ അടിസ്ഥാന രഹിമാണെന്ന് കേരഫെഡിന്റെ എംഡി.
ലിറ്ററിന് 110 രൂപ വർധനവാണ് കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് ഉണ്ടായത്. നിലവിൽ 529 രൂപയാണ് ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക്. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്.
വില വർധനവിന് പിന്നാലെ ഓണക്കാലത്തെ കേരാഫെഡിന്റെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവ അടിസ്ഥാന രഹിമാണെന്നും വിതരണക്കാരുടെ വീഴ്ചയാണ് യഥാർത്ഥ പ്രശ്നമെന്ന് കേരാഫെഡ് മാനേജിങ് ഡയറക്ടർ സാജു സുരേന്ദ്രൻ പറഞ്ഞു.
കൊപ്ര സംഭരണം
ഓണത്തിന് ആവശ്യമായ കൊപ്ര കേരാഫെഡ് സംഭരിക്കുന്നില്ലെന്ന ആരോപണം സത്യമല്ല. 2025 ജനുവരി മുതൽ ജൂൺ വരെ, കേരാഫെഡ് ശരാശരി 912.2 മെട്രിക് ടൺ കൊപ്ര സ്റ്റോക്ക് നിലനിർത്തിയിരുന്നു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2023-ലെ സ്റ്റോക്കിന് (998.8 മെട്രിക് ടൺ) അടുത്തെത്തുന്നതാണ് ഈ കണക്ക്. വിപണിയിൽ അസ്ഥിരത ഉണ്ടായിരുന്നിട്ടും, എണ്ണയുടെ സ്റ്റോക്ക് 818.5 മെട്രിക് ടൺ ആയി നിലനിർത്താനും കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.
വെളിച്ചെണ്ണ വിലയിലെ വർധനവ്
കൊപ്ര വിലയിലെ വർധവുമായി ബന്ധപ്പെട്ടാണ് വെളിച്ചെണ്ണ വിലയിലെ വർധനവ്. 2024-ൽ, കൊപ്രയുടെ വില കിലോഗ്രാമിന് 90–100 രൂപ മാത്രമായിരുന്നു. 2025-ൽ വില കിലോഗ്രാമിന് 280–300 രൂപ ആയി ഉയർന്നു. ഇതിനെ തുടർന്നാണ് 2024-25 കാലയളവിൽ വെളിച്ചെണ്ണ വില ലിറ്ററിന് 210 രൂപയിൽ നിന്ന് 529 രൂപ ആയി വർധിച്ചത്.
സർക്കാർ സബ്‌സിഡികളൊന്നുമില്ലാതെ ഒരു വാണിജ്യ സ്ഥാപനമാണ് കേരാഫെഡ്. സ്ഥാപനത്തിന്റെ ലാഭകരവും സുസ്ഥിരവുമായ നിലനിൽപ്പിന് ഉത്പന്നങ്ങളുടെ വിപണിവിലയിലൂന്നിയ ന്യായമായ വിലനിർണയം അത്യന്താപേക്ഷിതമാണ്. എന്നാലും കേര വെളിച്ചെണ്ണയുടെ വില കേരളത്തിലെ മുൻനിര ബ്രാൻഡുകളുടെ വിലയെക്കാൾ അധികമില്ലെന്നും അദ്ദേഹം പറഞ്ഞു.