Coconut Oil Theft : തിരുവനന്തപുരത്ത് മാവേലിസ്റ്റോറിൽ നിന്ന് വെളിച്ചെണ്ണ മോഷണം
Coconut Oil Theft at Thiruvananthapuram: വെളിച്ചെണ്ണ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതിനു മുൻപും ഇത്തരം വെളിച്ചെണ്ണ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചങ്ങനാശ്ശേരിയിലെ അംഗൻവാടിയിൽ ഭക്ഷണം പാചകം ചെയ്യാൻ സൂക്ഷിച്ചിരുന്ന 5 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയിരുന്നു.

Coconut Oil Theft (1)
തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് വില കുതിച്ചു ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണ മോഷണവും തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ആലുവയിൽ വെളിച്ചെണ്ണ മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇപ്പോൾ തിരുവനന്തപുരത്ത് വീണ്ടും സമാനമായ ഒരു സംഭവം നടന്നു. തിരുവനന്തപുരം മാറനെല്ലൂരിലെ മാവേലി സ്റ്റോറിലാണ് വൻ മോഷണം നടന്നിരിക്കുന്നത്.
20 ലിറ്റർ വെളിച്ചെണ്ണയും 37000 രൂപയും മോഷണം പോയതായി സ്റ്റോർ മാനേജർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവും ഗോഡൗണിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണയും കടത്തിക്കൊണ്ടു പോവുകയായിരുന്നു.
രാവിലെ സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഉടൻതന്നെ മാറനെല്ലൂർ പോലീസിന് വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തി. വിരൽ അടയാള വിദഗ്ധരും ഡോഗ്സ്ക്വർഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സമാന സംഭവങ്ങൾ
വെളിച്ചെണ്ണ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതിനു മുൻപും ഇത്തരം വെളിച്ചെണ്ണ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചങ്ങനാശ്ശേരിയിലെ അംഗൻവാടിയിൽ ഭക്ഷണം പാചകം ചെയ്യാൻ സൂക്ഷിച്ചിരുന്ന 5 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയിരുന്നു. അതുപോലെ ആലുവയിൽ 30 ലിറ്റർ വെളിച്ചെണ്ണ മോഷണം പോയ സംഭവവും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.