AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee Price: മഴ തുണച്ചു, കാപ്പി വിലയിൽ ഇടിവ്; കേരളത്തിലോ?

Coffee Price in Kerala: ബ്രസീലിലെ പ്രധാന കാപ്പി കൃഷിയിടങ്ങളായ സാവോ പോളോ, മിനാസ് ജെറൈസ് എന്നിവിടങ്ങളിൽ ഈ ആഴ്ച 30 മില്ലിമീറ്ററിലധികം മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനമാണ് വില കുറയാൻ പ്രധാന കാരണം.

Coffee Price: മഴ തുണച്ചു, കാപ്പി വിലയിൽ ഇടിവ്; കേരളത്തിലോ?
Coffee Image Credit source: Getty Images
nithya
Nithya Vinu | Published: 08 Oct 2025 10:09 AM

ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉൽപ്പാദക രാജ്യമാണ് ബ്രസീൽ. രാജ്യത്തെ കാലാവസ്ഥ മാറ്റങ്ങൾ ആഗോള വിപണിയിലെ കാപ്പിവിലയെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴിതാ, ബ്രസീലിലെ കാപ്പി കൃഷിയിടങ്ങളിൽ മഴ ലഭിക്കുമെന്ന പ്രവചനം അറബിക്ക, റോബസ്റ്റ ഇനം കാപ്പികളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇത് കേരളത്തിലെ കാപ്പി വിലയെയും ബാധിച്ചു.

ബ്രസീലിൽ മികച്ച മഴ ലഭിച്ചതിനെ തുടർന്ന് ആഗോള തലത്തിൽ കാപ്പി വിലയിൽ ഇടിവുണ്ടായി. ഇത് കേരളത്തിലെ കാപ്പി വിലയെയും ബാധിച്ചു. നിലവിൽ കേരളത്തിലെ കാപ്പി മാർക്കറ്റുകളിലെ ശരാശരി വില ക്വിന്റലിന് (100 കിലോയ്ക്ക്) 24,300 രൂപയോളമെന്നാണ് വിവരം. ഇത് പ്രാദേശിക വിപണികളെയും കാപ്പിയുടെ ഇനങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടാം.

വിലയിടിവിന് കാരണം

അറബിക്ക, റോബസ്റ്റ കാപ്പികളുടെ ഫ്യൂച്ചർ വിലകൾ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞതിന്റെ പ്രധാന കാരണം ബ്രസീലിലെ മഴ പ്രവചനമാണ്. ബ്രസീലിലെ പ്രധാന കാപ്പി കൃഷിയിടങ്ങളായ സാവോ പോളോ, മിനാസ് ജെറൈസ് എന്നിവിടങ്ങളിൽ ഈ ആഴ്ച 30 മില്ലിമീറ്ററിലധികം മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനമാണ് വില കുറയാൻ പ്രധാന കാരണം. കാപ്പി വിളയുടെ നിർണായകമായ പൂവിടൽ ഘട്ടത്തിൽ മഴ ലഭിക്കുന്നത് ഉൽപ്പാദനം വർധിക്കാൻ സഹായിക്കും.

കൂടാതെ, റോബസ്റ്റ കാപ്പിയുടെ വില കുറയാനുള്ള മറ്റൊരു കാരണം വിയറ്റ്നാമിൽ നിന്നുള്ള വിതരണം വർധിച്ചതാണ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിയറ്റ്നാമിൻ്റെ കാപ്പി കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 10.9% വർധിച്ചതായി റിപ്പോർട്ടുണ്ട്. വിയറ്റ്നാം ആണ് റോബസ്റ്റ കാപ്പിയുടെ ഏറ്റവും വലിയ ഉൽപ്പാദകർ. ആഗോള കാപ്പി കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.2% വർധിച്ച് 127.92 ദശലക്ഷം ബാഗുകളിൽ എത്തിയതായി ഇൻ്റർനാഷണൽ കോഫി ഓർഗനൈസേഷനും റിപ്പോർട്ട് ചെയ്തിരുന്നു.