ESI: ഇഎസ്ഐ ശമ്പളപരിധി 21,000 രൂപയിൽ നിന്ന് 30,000 രൂപ ആയി ഉയർത്താൻ ധാരണ; ആനുകൂല്യം ലഭിക്കുക ഒരു കോടി തൊഴിലാളികൾക്ക്
ESI Salary Limit To Increase: ഇഎസ്ഐ ശമ്പളപരിധി ഉയർത്താൻ ധാരണ. 30,000 രൂപയാക്കി ഉയർത്താനാണ് ധാരണ ആയിരിക്കുന്നത്.
ഇഎസ്ഐ അഥവാ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൻ്റെ ശമ്പളപരിധി ഉയർത്താൻ ധാരണ. 21,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി ഉയർത്താനാണ് ധാരണ ആയിരിക്കുന്നത്. ഇനിമുതൽ 30,000 രൂപ വരെ ശമ്പളമുള്ളവർക്ക് എഎസ്ഐ പദ്ധതിയിൽ അംഗമാവാൻ സാധിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവാദം ലഭിച്ചാൽ ഇത് നടപ്പിലാക്കും.
കഴിഞ്ഞ എട്ട് വർഷമായി 21,000 രൂപയാണ് ഇഎസ്ഐ പദ്ധതിയിൽ അംഗമാവാനുള്ള ശമ്പളപരിധി. ഇത് 30,000 രൂപയാക്കി ഉയർത്തുന്നതോടെ ഒരു കോടിയോളം തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് വിവരം. തൊഴിൽ മന്ത്രാലയവും ഇഎസ്ഐ കോർപ്പറേഷനും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന ഇഎസ്‌ഐ കോർപ്പറേഷൻ യോഗത്തിൻ്റെ അജണ്ടയിൽ ശമ്പളപരിധി വർധന ഉൾപ്പെടുത്താതിനെതിരെ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം പരിശോധിക്കാമെന്ന് തൊഴിൽമന്ത്രി ഡോ. മസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി. ഇഎസ്ഐ കോർപ്പറേഷൻ ചെയർമാൻ കൂടിയാണ് മൻസൂഖ് മാണ്ഡവ്യ.
ശമ്പളപരിധി 42,000 രൂപയെങ്കിലും ആക്കണമെന്നായിരുന്നു തൊഴിലാളിസംഘടനകളുടെ ആവശ്യം. ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളിസംഘടനകൾ ഇതേ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ, തൊഴിലുടമകൾ ഇതിനെ എതിർത്തു. ഇതോടെയാണ് ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണയായത്.
നിലവിൽ ഇഎസ്ഐ പരിധിയിലുള്ള തൊഴിലാളികൾക്ക് സർക്കാർ ആശുപത്രിയിലാണ് ചികിത്സ നൽകുക. പുതിയ ധാരണപ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങളില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യാനും തീരുമാനമായി. ഈ നിർദ്ദേശത്തിനെതിരെയും തൊഴിലാളിസംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിൽ മാറ്റമുണ്ടായില്ല. ഇഎസ്ഐ ആശുപത്രികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് വരെ തൊഴിലാളികളെ സ്വകാര്യ ആശുപത്രികളിലേക്കാവും റഫർ ചെയ്യുക. രാജ്യത്താകെ 159 ഇഎസ്ഐ ആശുപത്രികളുണ്ട്. ഇതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടും നടത്തുന്നതാണ്.