Gold Jewellery: ഭംഗി മാത്രം പോരാ, സ്വർണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
Gold Jewellery Buying Guidance: ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ്.

പ്രതീകാത്മക ചിത്രം
റെക്കോർഡുകൾ തകർത്ത് സ്വർണവില ദിവസംപ്രതി കുതിക്കുകയാണ്. 79,560 രൂപ നിരക്കിലാണ് ഒരു പവൻ സ്വർണം വിൽക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ്.
പവന്റെ വില വർധിക്കുന്നതിനാൽ സ്വർണം വാങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭംഗി മാത്രമല്ല, സ്വര്‍ണം വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റ് ചില പ്രധാന കാര്യങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
ബിഐഎസ് ഹാള്‍മാര്‍ക്ക്
ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക അടയാളമാണ് ഹാൾമാർക്ക്. ഇന്ത്യയിൽ 13,700 ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി ഷോറുമൂകളും 435 ബിഐഎസ് അംഗീകൃത അസേയിംഗ്-ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുമുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള ജ്വല്ലറിയില്‍നിന്നുതന്നെ സ്വർണം വാങ്ങാൻ ശ്രദ്ധിക്കണം. ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ പൂര്‍ണ പട്ടിക ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ഗ്രാം വില
സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില കൃത്യമായി അറിയുക. ഓരോ നഗരത്തിലും ഗ്രാമിന്‍റെ വിലയില്‍ വ്യത്യാസമുണ്ടായേക്കാം. അറിയപ്പെടുന്ന ഒന്നില്‍ കൂടുതല്‍ ജ്വല്ലറികളില്‍ അന്വേഷിച്ചും വെബ്സൈറ്റുകളിലൂടെയും സ്വർണവില മനസിലാക്കാവുന്നതാണ്.
സ്വര്‍ണം തിരിച്ചെടുക്കുമ്പോൾ
മിക്ക സ്വര്‍ണ വ്യാപാരികളും അതതു സമയത്തെ നിരക്കനുസരിച്ച് സ്വര്‍ണം തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കാറുണ്ട്. പക്ഷേ പണിക്കൂലിക്കോ തേയ്മാനത്തിനോ നിങ്ങള്‍ മുടക്കിയ തുക തിരിച്ചുനല്‍കണമെന്നില്ല. അതിനാൽ സ്വര്‍ണം മാറ്റിയെടുക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ എന്തെങ്കിലും കാലാവധിയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരിക്കണം.
ബിൽ വാങ്ങുക
സ്വർണം വാങ്ങുമ്പോൾ നിര്‍ബന്ധമായും ബിൽ വാങ്ങിക്കണം. ഇത് ഇടപാടിന് സുതാര്യത നല്‍കും. എന്തെങ്കിലും കാരണവശാല്‍ ഉപഭോക്തൃകോടതിയെ സമീപിക്കേണ്ടിവന്നാല്‍ ബിൽ തെളിവായി ഉപയോഗിക്കാം. അര ലക്ഷത്തിന് മുകളില്‍ സ്വര്‍ണം വാങ്ങുകയാണെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നൽകേണ്ടി വരാറുണ്ട്.