GUCCI: ഹോട്ടൽ പണിക്കാരന്റെ ലക്ഷ്വറി ഫാഷൻ, ബിടിഎസ് ജിൻ-ന്റെയും ആലിയ ഭട്ടിന്റെയും സാമ്രാജ്യം, ‘ഗുച്ചി’യുടെ പോരാട്ടകഥ
GUCCI Success Story: സിനിമാക്കഥയെ പോലും വെല്ലുന്ന പോരാട്ടം... ബാഗുകൾ, ഷൂസുകൾ, സൺഗ്ലാസുകൾ തുടങ്ങി ലോകഫാഷൻ ഭൂപടത്തിൽ വൈഡൂര്യം പോലെ തിളങ്ങി നിൽക്കുന്ന ഗുച്ചിയുടെ കഥ അറിയാം....
ലക്ഷ്വറി ഫാഷന്റെ അവസാനവാക്ക്, ബ്രാൻഡ് അംബാസിഡർമാരായി കെ പോപ്പ്, ഹോളിവുഡ്, ഇന്ത്യൻ തുടങ്ങിയ താരനിരകൾ….സിനിമാക്കഥയെ പോലും വെല്ലുന്ന പോരാട്ടം… ബാഗുകൾ, ഷൂസുകൾ, സൺഗ്ലാസുകൾ തുടങ്ങി ഫാഷൻ ലോകത്തെ പലതിനും പേരുകേട്ട ബ്രാൻഡാണ് ഗുച്ചി. എന്നാൽ, ഈ ആഗോള ബ്രാൻഡിൻ്റെ തുടക്കം ഒരു ഹോട്ടലിലെ ലിഫ്റ്റ് ബോയിൽ നിന്നായിരുന്നു എന്നറിയാമോ? ലോകഫാഷൻ ഭൂപടത്തിൽ വൈഡൂര്യം പോലെ തിളങ്ങി നിൽക്കുന്ന ഗുച്ചിയുടെ കഥ അറിയാം….
ഗുച്ചിയോ ഗൂച്ചി
ഇറ്റലിയിലെ ടസ്‌കാനിയിൽ ഒരു പാവപ്പെട്ട തുകൽ തൊഴിലാളിയുടെ മകനായി 1881-ലാണ് ഗുച്ചിയോ ഗൂച്ചി ജനിച്ചത്. 17-ാം വയസ്സിൽ അദ്ദേഹം സ്വന്തം രാജ്യം വിട്ട് ലണ്ടനിലേക്ക് പോവുകയും അവിടെ സവോയ് ഹോട്ടലിൽ (Savoy Hotel) ഒരു ലിഫ്റ്റ് ബോയിയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഹോട്ടൽ ജോലിക്കിടെ ആ കൗമാരക്കാരന്റെ ശ്രദ്ധ ആകർഷിച്ചത് അതിഥികളുടെ ആഢംബര ബാഗേജുകളായിരുന്നു. ഗുണമേന്മ കുറഞ്ഞ ബാഗുകളും മികച്ച ബാഗുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്നും, അത് ഡിസൈനിനെ എങ്ങനെ ബാധിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി.
ഗുച്ചിയുടെ തുടക്കം
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇറ്റലിയിൽ തിരിച്ചെത്തിയ ഗുച്ചിയോ, 1921-ൽ ഫ്ലോറൻസിൽ ‘ലാ കാസ ഗൂച്ചി’ (The House of Gucci) സ്ഥാപിച്ചു. ടസ്‌കാനി മേഖലയിലെ വിദഗ്ധരായ കരകൗശലത്തൊഴിലാളികളുടെ സഹായത്തോടെ ഉയർന്ന ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ക്ലാസിക് ശൈലിയിലുള്ള യാത്രാ ബാഗുകളും സ്യൂട്ട്‌കേസുകളും വിൽക്കാൻ തുടങ്ങി.
വളരെവേഗം തന്നെ ഗുച്ചി വളർന്നു. ഫ്ലോറൻസിലെ പ്രഭുക്കന്മാരും ഉയർന്ന സമൂഹവും ഉൽപ്പന്നങ്ങൾ തേടിയെത്തി. സ്വന്തമായി ഒരു വർക്ക്ഷോപ്പ് തുറക്കാനും തുടർന്ന് ഉൽപ്പന്നങ്ങൾ സ്വന്തം സൈറ്റിൽ തന്നെ ഉൽപാദിപ്പിക്കാനും ഗുച്ചിക്ക് കഴിഞ്ഞു.
ആദ്യത്തെ പ്രതിസന്ധി
1930-കളിൽ ഗൂച്ചി വളർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു വലിയ പ്രതിസന്ധി ഉടലെടുക്കുന്നത്. ഏകാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ ഭരണത്തിൻ കീഴിൽ തുകൽ ലഭിക്കാൻ ബുദ്ധിമുട്ടായി. തുകലിനെ മാത്രം ആശ്രയിച്ചുള്ള ബിസിനസായിരുന്നു ഗൂച്ചിയുടേത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഗുച്ചിയോ ഒരു പരിഹാരം കണ്ടെത്തി. തുകലിന് പകരം പട്ട് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു.
മക്കളുടെ വരവ്
ഗുസിയോ ഗുച്ചി 1953-ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, മക്കളായ ആൽഡോ, വാസ്കോ, റോഡോൾഫോ ഗുച്ചി എന്നിവർ എന്നിവർ ബ്രാൻഡിന്റെ ചുമതലയേറ്റു. ഇവരുടെ നേതൃത്വത്തിൽ റോം, മിലാൻ എന്നിവിടങ്ങളിലേക്ക് ബ്രാൻഡ് വ്യാപിച്ചു.
1953-ൽ, ഗുച്ചിയോ ആദ്യമായി ലിഫ്റ്റ് ബോയിയായി ജോലി ചെയ്ത ന്യൂയോർക്കിലെ സവോയ് പ്ലാസ ഹോട്ടലിൽ ആദ്യത്തെ അന്താരാഷ്ട്ര ഗൂച്ചി ബോട്ടീക് തുറന്നു. ബ്രാൻഡിന്റെ ആധിപത്യം ഹോളിവുഡിലെത്തി. ഹോളിവുഡ് താരങ്ങൾക്കിടയിൽ ജനപ്രിയമായി. 1947-ൽ ഗുച്ചി പുറത്തിറക്കിയ ബാംബൂ ഹാൻഡിൽ ബാഗ് (Bamboo Handle Bag) ബ്രാൻഡിൻ്റെ ഒരു പ്രധാന ഉൽപ്പന്നമായി മാറി. 1998-ൽ, ഗൂച്ചിയുടെ ജീൻസ് മിലാനിൽ 3,134 ഡോളറിന് വിറ്റുപോയതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ ജീൻസ് എന്ന റെക്കോർഡ് സ്ഥാപിച്ചു.
ഗുച്ചിയുടെ തകർച്ച
1970–‘90 കാലഘട്ടത്തിൽ മൂന്നു സഹോദരങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തു. ടാക്സുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്കുകളും മറ്റ് പാളിച്ചകളും ബ്രാൻഡിനെ തളർത്തി. കൂടാതെ ഗുച്ചിയുടെ പേരക്കുട്ടിയും ബ്രാൻഡിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മൗറിസിയോ ഗുച്ചിയുടെ കൊലപാതകവും ഫാഷൻ ബ്രാാൻഡിന്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചു.
തുടർന്ന് ഗുച്ചി കുടുംബത്തിന് കമ്പനിയിലുണ്ടായിരുന്ന ഓഹരികളെല്ലാം നഷ്ടമായി. 1993ൽ ബഹ്റൈൻ കേന്ദ്രമായുള്ള ഇൻവെസ്റ്റ് കോർപ് ഗുച്ചി ഏറ്റെടുത്തു. പിന്നീട് ഇതു ഫ്രെഞ്ച് കമ്പനിയായിരുന്ന പിപിആർ വാങ്ങുകയായിരുന്നു.
രക്ഷകനായി ടോം ഫോർഡ്
1990-കളുടെ അവസാനത്തോടെ ഗുച്ചി തകർന്നടിഞ്ഞ സമയത്താണ് യുവ ഡിസൈനറായ ടോം ഫോർഡ് ബ്രാൻഡിന്റെ ചുമതലയേൽക്കുന്നത്. അമേരിക്കൻ ഡിസൈനർ ടോം ഫോഡിനെ ക്രിയേറ്റീവ് ഡയറക്ടറുടെ കസേരയിലെത്തിച്ചത് മൗറീസിയോയായിരുന്നു. അദ്ദേഹം ഗുച്ചിയുടെ രൂപം അടിമുടി മാറ്റിമറിച്ചു. പരസ്യ കാമ്പെയ്‌നുകൾ വഴിയും പുതിയ ഡിസൈനുകൾ അവതരിപ്പിച്ചും ബ്രാൻഡിന് ഒരു പുതിയ ആധുനിക മുഖം നൽകി.
ഗുച്ചി ഇന്ന്
കെറിംഗ് (Kering) എന്ന ഫ്രഞ്ച് ആഢംബര കൺഗ്ലോമറേറ്റിൻ്റെ കീഴിലാണ് ഗുച്ചി പ്രവർത്തിക്കുന്നത്. ഇറ്റലിയിലെ ആഢംബര ബ്രാൻഡുകളിൽ ഒന്നാം സ്ഥാനത്തുള്ള ഗുച്ചി സ്വന്തമായി നേടുന്ന വാർഷിക വരുമാനം ഏകദേശം 7.65 ബില്യൺ യൂറോ ആണ്. ബിടിഎസ് ജിൻ പോലുള്ള കെപോപ്പ് താരങ്ങളും ഇന്ത്യയുടെ ആലിയ ഭട്ടും ബ്രിട്ടിഷ് ഗായകൻ ഹാരി സ്റ്റൈൽസും തുടങ്ങി നിരവധി താരങ്ങളാണ് ഇന്ന് ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡർമാർ.