Soya Oil: വെളിച്ചെണ്ണയ്ക്ക് വെല്ലുവിളിയുമായി സോയ ഓയിൽ; ഇന്ത്യയിലേക്ക് ഇറക്കുന്നത് 6 ലക്ഷം ടൺ
How Soybean oil Import affect Coconut oil Price: വിദേശ എണ്ണകളുടെ സ്വാധീനം വെളിച്ചെണ്ണ വിപണിക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇന്ത്യൻ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും സോയാ ഓയിൽ ഇറക്കുമതിക്ക് വൻ കരാറുകളാണ് ഉറപ്പിച്ചിരിക്കുന്നത്.
ക്രിസ്മസ് അടുത്തതോടെ വെളിച്ചെണ്ണ വില ഉയരുമോ എന്ന ആശങ്കയിലാണ് മലയാളികൾ. മണ്ഡലക്കാലവുമായി ബന്ധപ്പെട്ട് വിലയിൽ നേരിയ വർദ്ധനവ് വന്നിരുന്നു. തേങ്ങ വില കുതിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണുകളിൽ സർക്കാർ സപ്ലൈകോ പോലുള്ള ഔട്ട്ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്ത് വില നിയന്ത്രിക്കാറുണ്ട്. ക്രിസ്മസിനും അത്തരം ഇടപെടൽ ഉണ്ടായാൽ ആശ്വാസമായേക്കും. നിലവിൽ ക്വിറ്റലിന് 40000 രൂപ നിരക്കിലാണ് വ്യാപാരം.
അതേസമയം, വിദേശ എണ്ണകളുടെ സ്വാധീനം വെളിച്ചെണ്ണ വിപണിക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇന്ത്യൻ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും സോയാ ഓയിൽ ഇറക്കുമതിക്ക് വൻ കരാറുകളാണ് ഉറപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ‐ജൂലൈയിലേക്കായി ആറ് ലക്ഷം ടൺ സോയാ ഓയിൽ ഇറക്കുമതിക്കാണ് കരാർ ഒപ്പുവച്ചത്. പ്രതിമാസം ഒന്നര ലക്ഷം ടൺ എണ്ണ വീതം ഇറക്കുമതി നടക്കും. ഇതിനനുസരിച്ച് കൊച്ചിയിൽ വെളിച്ചെണ്ണയ്‌ക്കും കൊപ്രയ്‌ക്കും 200 രൂപ ഇടിഞ്ഞു.
പാമോയിലിന്റെ വില അടുത്ത വർഷം ഉയരുമെന്ന് വിപണി പ്രതീക്ഷിക്കുന്നതാണ് ഈ മുൻകരുതൽ വാങ്ങലിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉത്പാദകരായ ഇന്തോനേഷ്യ, അടുത്ത വർഷം രണ്ടാം പകുതിയോടെ അവരുടെ ബയോഡീസൽ നിർബന്ധിത പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇത് പാമോയിൽ കയറ്റുമതിക്കുള്ള ലഭ്യത കുറയ്ക്കുകയും ആഗോള വിപണിയിൽ വില വർദ്ധിപ്പിക്കുകയും ചെയ്യും.
എന്നാൽ സോയ ഓയിൽ ഇറക്കുമതി പാം ഓയിൽ കയറ്റുമതി ലോബിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്തൊനീഷ്യയും മലേഷ്യയും പെടുന്നനെ പാം ഓയിൽ വില കുറച്ച് ഇറക്കുമതിക്കാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്.