ITR Filing Last Date 2025: ഐടിആർ ഫയൽ ചെയ്തോ? അവസാന തീയതി നീട്ടി, നിങ്ങൾ അറിയേണ്ടതെല്ലാം
ITR Filing Last Date 2025: റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും, സെൽഫ് അസെസ്മെന്റ് ടാക്സ് പേയ്‌മെന്റുകൾ ജൂലൈ 31-നകം പൂർത്തിയാക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം
2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2025 ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15 ലേക്ക് മാറ്റിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് അറിയിച്ചു.
ഈ തീയതിക്ക് ശേഷം ഫയൽ ചെയ്താൽ സെക്ഷൻ 234F പ്രകാരം 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ 5,000 രൂപയും താഴ്ന്ന വരുമാനക്കാർക്ക് 1,000 രൂപയും പിഴ ചുമത്തും . വൈകിയതോ പുതുക്കിയതോ ആയ റിട്ടേണുകൾ 2025 ഡിസംബർ 31 വരെയും, പുതുക്കിയ റിട്ടേണുകൾ (ഐടിആർ-യു) 2030 മാർച്ച് 31 വരെയും സമർപ്പിക്കാവുന്നതാണ്.
റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും, സെൽഫ് അസെസ്മെന്റ് ടാക്സ് പേയ്‌മെന്റുകൾ ജൂലൈ 31-നകം പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, സെക്ഷൻ 234A പ്രകാരമുള്ള പിഴ ഈടാക്കിയേക്കാം.
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്ത ഐടിആർ ഫോമുകളുടെയും ഇ-ഫയലിംഗ് സൗകര്യങ്ങളുടെയും ലഭ്യതയിൽ കാലതാമസം നേരിട്ടതിനെ തുടർന്നാണ് കാലാവധി നീട്ടിയത് . ഇതിനുപുറമെ, ഫോം 26AS, AIS എന്നിവയിൽ ടിഡിഎസ് ഡാറ്റ വൈകി പ്രതിഫലിപ്പിക്കുന്നത് നികുതിദായകർക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.
ഐടിആർ-1 ഉം ഐടിആർ-4 ഉം ഫയൽ ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് ഒരു പുതിയ എക്സൽ അധിഷ്ഠിത ഓഫ്‌ലൈൻ യൂട്ടിലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം നികുതിദായകർക്ക് ഒരു JSON ഫയൽ സൃഷ്ടിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്തുകൊണ്ട് റിട്ടേണുകൾ സാധൂകരിക്കാവുന്നതാണ്.