Gold Rate: സ്വർണം ഇനി കിട്ടാക്കനി; വീണ്ടും റെക്കോർഡ് വില, ഒരു പവൻ 1.5 ലക്ഷത്തിലേക്ക്
Kerala Gold Rate: യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതാണ് സ്വർണത്തിന്റെ കുതിപ്പിന് പ്രധാനകാരണം. രാവിലെ നേരിയ ഇടിവ് സംഭവിച്ചെങ്കിലും ഉച്ചയോടെ വില മുന്നേറുകയായിരുന്നു.
സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. രാവിലെ ആശ്വാസത്തിന് പിന്നാലെ ഉച്ചയോടെ വില വീണ്ടും വർദ്ധിച്ചു. ഇന്ന് രാവിലെ എൺപത് രൂപ കുറഞ്ഞ് ഒരു പവന് 95480 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് നൽകേണ്ടത് 11935 രൂപയായിരുന്നു.
ഇന്നത്തെ സ്വർണവില
ഉച്ചയോടെ കഥയാകെ മാറി. ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 11,985 രൂപയായി. പവന് 320 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില 95,880 രൂപയായി. വിപണിവില 95,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ വില ഏകദേശം ഒന്നരലക്ഷമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
24 കാരറ്റ് സ്വർണവില ഒരു ഗ്രാമിന് 44 രൂപ ഉയർന്ന് 13,075 രൂപയായി. പവന് 352 രൂപ ഉയർന്ന് 1,04,600 രൂപയായി രേഖപ്പെടുത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 33 രൂപ ഉയർന്ന് 9,806 രൂപയും, പവന് 264 രൂപ ഉയർന്ന് 78,448 രൂപ നിരക്കിലുമെത്തി.
സ്വർണവില വർദ്ധനവിന് കാരണം
യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതാണ് സ്വർണത്തിന്റെ കുതിപ്പിന് പ്രധാനകാരണം. രാവിലെ നേരിയ ഇടിവ് സംഭവിച്ചെങ്കിലും ഉച്ചയോടെ വില മുന്നേറുകയായിരുന്നു. എന്നാൽ രാജ്യാന്തര വിപണിയില്‍ വില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ പ്രധാനമായും ആശ്രയിക്കുന്ന ദുബായിലും വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില ഇന്ന് രാവിലെ 4214 ഡോളര്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം നേരിയ മുന്നേറ്റം മാത്രമാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്, വില 4217 ഡോളറായി.
എന്നാൽ ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ച പ്രധാനഘടകം. രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.97 ആയിരുന്നു. ഉച്ചയ്ക്ക് 90.41 ആയി ഇടിഞ്ഞു. നിലവിൽ വലിയ ഇടിവിലാണ് ഇന്ത്യന്‍ രൂപ.