Kerosene Price Hike: റേഷൻ മണ്ണെണ്ണ വില കൂട്ടി; വിഹിതത്തിലും വെട്ടിക്കുറവ്
വില വർധനവിന് പുറമെ, സംസ്ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറച്ചതും സാധാരണക്കാർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമവും നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കയറ്റവും വിഹിതത്തിലെ കുറവും ജനങ്ങൾക്ക് ഇരട്ടപ്രഹരമായി മാറുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വില വർധിപ്പിച്ചു. എണ്ണക്കമ്പനികൾ അടിസ്ഥാന വില ഉയർത്തിയതിനെ തുടർന്ന് ലിറ്ററിന് 6 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 71 രൂപയിൽ നിന്ന് 77 രൂപയായി ഉയർന്നു.
വില വർധനവിന് പുറമെ, സംസ്ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറച്ചതും സാധാരണക്കാർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്ര വിഹിതത്തിൽ കുറവ്
ഒരു പാദത്തിൽ (3 മാസത്തേക്ക്) കേരളത്തിന് ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണ വിഹിതം 40.68 ലക്ഷം ലിറ്ററായി കുറച്ചു. 16.08 ലക്ഷം ലിറ്ററിന്റെ വെട്ടിക്കുറവാണ് വരുത്തിയത്.
വിഹിതം കുറഞ്ഞതോടെ മുൻഗണനേതര (പിങ്ക്, നീല, വെള്ള) കാർഡ് ഉടമകൾക്ക് നിശ്ചിത അളവിലുള്ള വിഹിതം പൂർണ്ണമായി വിതരണം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമവും നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കയറ്റവും വിഹിതത്തിലെ കുറവും ജനങ്ങൾക്ക് ഇരട്ടപ്രഹരമായി മാറുന്നത്.
ALSO READ: ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി കിട്ടില്ല; ഇത് നിർബന്ധം!
സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം
2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.
അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്. സ്റ്റോക്കിനനസുരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.