Palm Oil Price: പാം ഓയിൽ വില കുറയും, സുപ്രധാന നീക്കവുമായി ഇന്ത്യ
Palm Oil Price: ലാറ്റിനമേരിക്കയില്‍ നിന്ന് കടല്‍മാര്‍ഗം ചരക്കെത്തിക്കാന്‍ 45 ദിവസം ആവശ്യമാണ്. എന്നാല്‍ വലിയ ഡിസ്‌കൗണ്ട് നല്കുന്നതിനാല്‍ ഇത് പ്രശ്‌നമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ കമ്പനികള്‍.
രാജ്യത്ത് പാം ഓയിൽ വില കുത്തനെ താഴ്ന്നേക്കുമെന്ന് സൂചന. മലേഷ്യ കൂടാതെ കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
വെളിച്ചെണ്ണ വില ഉയർന്നതോടെയാണ് രാജ്യത്ത് പാം ഓയിൽ വില ഉയർന്നത്. ആഗോള പാം ഓയിൽ വിതരണത്തിൽ ഇന്തോനേഷ്യയും മലേഷ്യയും ആധിപത്യം പുലർത്തുന്നവരും 2023/24 വർഷത്തിൽ 9 ദശലക്ഷം ടൺ പാം ഓയിൽ ഇറക്കുമതി ചെയ്ത ഇന്ത്യയുടെ പ്രധാന വിതരണക്കാരുമാണ്.
പാം ഓയിലിന്റെ നാലാമത്തെയും ആറാമത്തെയും വലിയ ഉൽപ്പാദക രാജ്യങ്ങളായ കൊളംബിയയും ഗ്വാട്ടിമാലയും സാധാരണയായി തങ്ങളുടെ മിച്ച സ്റ്റോക്കുകൾ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയ്ക്ക് വന്‍ ഡിസ്‌കൗണ്ടില്‍ പാമോയില്‍ നല്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
ലാറ്റിനമേരിക്കയില്‍ നിന്ന് കടല്‍മാര്‍ഗം ചരക്കെത്തിക്കാന്‍ 45 ദിവസം ആവശ്യമായി വരും. എന്നാല്‍ വലിയ ഡിസ്‌കൗണ്ട് നല്കുന്നതിനാല്‍ ഇത് പ്രശ്‌നമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ കമ്പനികള്‍. മലേഷ്യയിൽ നിന്നാണ് ഇന്ത്യ പാംഓയിൽ വാങ്ങിയിരുന്നത്. ലോകത്ത് പാം ഓയിൽ ഉൽപാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ ഉത്പാദനം 19.34 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 2.5 മില്യണ്‍ ടണ്‍ ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്തത്.