Variable Dearness Allowance Hike: വേരിയബിൾ ഡിഎ വർധിച്ചു; തൊഴിലാളികൾക്ക് ഇനി എത്ര രൂപ ലഭിക്കും?
Variable DA Hike: Workers to Get Up to Rs 705 From October 1: 2026 ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ വിഡിഎ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര പരിധിയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കൃഷി, നിര്‍മാണം, അറ്റകുറ്റപ്പണി, ചരക്ക് കയറ്റിറക്കല്‍, ശുചീകരണം, കാവല്‍ തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ണായക പ്രഖ്യാപനം. കേന്ദ്ര പരിധിയിലെ കുറഞ്ഞ വേതന വ്യവസ്ഥയ്ക്ക് കീഴില്‍ വരുന്ന തൊഴിലാളികളുടെ വേരിയബിള്‍ ഡിയര്‍നെസ് അലവന്‍സ് (വിഡിഎ) വര്‍ധിപ്പിച്ചു. വിലക്കയറ്റം മൂലം ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ വരുമാനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യത്തില്‍ മാറ്റം വരുത്തിയത്.
2026 ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ വിഡിഎ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര പരിധിയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കൃഷി, നിര്‍മാണം, അറ്റകുറ്റപ്പണി, ചരക്ക് കയറ്റിറക്കല്‍, ശുചീകരണം, കാവല്‍ തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എന്തുകൊണ്ടാണ് വേരിയബിള്‍ ഡിഎ വര്‍ധിപ്പിച്ചത്?
വിലക്കയറ്റത്തിനനുസരിച്ച് തൊഴിലാളികളുടെ കുറഞ്ഞ വേതനം ക്രമീകരിക്കുന്നതിനാണ് വേരിയബിള്‍ ഡിയര്‍നെസ് അലവന്‍സ് പരിഷ്‌കരിക്കുന്നത്. ഇതിനായി വ്യവസായ തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചിക ആണ് പ്രധാനമായും പരിഗണിക്കുന്നത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം സൂചികയില്‍ 6.62 പോയിന്റിന്റെ വര്‍ധന രേഖപ്പെടുത്തി. 424.80ല്‍ നിന്ന് 431.42ലേക്കാണ് സൂചിക ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ വിഡിഎ നിരക്കുകള്‍ നിശ്ചയിച്ചത്. സെപ്റ്റംബര്‍ 30ന് 2019ലെ വേതന ചട്ടത്തിലെ സെക്ഷന്‍ 69(2) പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
ആര്‍ക്കൊക്കെയാണ് ആനുകൂല്യം ലഭിക്കുക?
കേന്ദ്ര പരിധിയിലെ കുറഞ്ഞ വേതന വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാണ്. പ്രത്യേകിച്ച് നിരവധി ഖനന മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഇതിന്റെ പരിധിയില്‍ വരും.
ജിപ്‌സം, ബാരൈറ്റ്‌സ്, ബോക്‌സൈറ്റ്, മാംഗനീസ്, ചൈന ക്ലേ, കയനൈറ്റ്, ചെമ്പ്, കളിമണ്ണ്, മാഗ്‌നസൈറ്റ്, കല്ല്, സ്റ്റിയാറ്റൈറ്റ്, ഓക്കര്‍, ആസ്ബസ്റ്റോസ്, ഫയര്‍ ക്ലേ, ക്രോമൈറ്റ്, ക്വാര്‍ട്‌സൈറ്റ്, സിലിക്ക, ഗ്രാഫൈറ്റ്, ഫെല്‍സ്പാര്‍, ലൈറ്ററൈറ്റ്, ഡോളമൈറ്റ്, ഇരുമ്പയിര്, ഗ്രാനൈറ്റ്, മാര്‍ബിള്‍, യുറേനിയം, മൈക്ക, ലിഗ്‌നൈറ്റ്, സ്ലേറ്റ്, മാഗ്‌നറ്റൈറ്റ് തുടങ്ങിയ ഖനന മേഖലകളിലെ തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാണ്.
പുതുക്കിയ നിരക്കുകള്‍
കേന്ദ്ര പരിധിയിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് മേഖല എയില്‍ 537 രൂപയും മേഖല ബിയില്‍ 491 രൂപയും മേഖല സിയില്‍ 486 രൂപയുമാണ് പുതുക്കിയ വേരിയബിള്‍ ഡിഎ. അര്‍ധവിദഗ്ധ, അവിദഗ്ധ മേല്‍നോട്ട വിഭാഗങ്ങള്‍ക്ക് യഥാക്രമം 587, 539, 496 രൂപയും വിദഗ്ധ, ക്ലറിക്കല്‍ വിഭാഗങ്ങള്‍ക്ക് 637, 587, 538 രൂപയുമാണ് പുതിയ നിരക്ക്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മേഖല എയില്‍ 705 രൂപയും മേഖല ബിയില്‍ 655 രൂപയും മേഖല സിയില്‍ 587 രൂപയുമാണ് ലഭിക്കുക.
English Summary
The Ministry of Labour and Employment has revised Variable Dearness Allowance rates for workers under the central sphere, effective from October 1, 2026. The revision is linked to changes in the Consumer Price Index for Industrial Workers, with workers eligible for different VDA rates based on their skill category and area.