CBSE Open book exam: പുസ്തകം തുറന്നിരുന്ന് ഇനി സിബിഎസ്ഇക്കാർ പരീക്ഷ എഴുതും, അംഗീകാരം നൽകിയതായി റിപ്പോർട്ട്
CBSE Approves Open-Book Exams: പല വിദ്യാർത്ഥികൾക്കും റെഫറൻസ് മെറ്റീരിയലുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ പുതിയ പരീക്ഷാ സമ്പ്രദായം എല്ലാ സ്‌കൂളുകൾക്കും നിർബന്ധമാക്കില്ല.
ന്യൂഡൽഹി: കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) ഒൻപതാം ക്ലാസ്സിൽ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നൽകി. 2026-27 അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മനഃപാഠമാക്കുന്ന രീതി ഒഴിവാക്കി, പഠിച്ച കാര്യങ്ങൾ ജീവിത സാഹചര്യങ്ങളിൽ എങ്ങനെ പ്രയോഗിക്കാം എന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് ഈ പുതിയ രീതിയുടെ ലക്ഷ്യം.
പുതിയ പരീക്ഷാരീതിയുടെ പ്രത്യേകതകൾ
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് ഈ പരീക്ഷാരീതി ബാധകമാകും. വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താശേഷി വളർത്താനും, യഥാർത്ഥ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കാനും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, പരീക്ഷാ സംബന്ധമായ സമ്മർദം കുറയ്ക്കാനും ഇത് ഉപകരിക്കും.
ഈ ആശയം ആദ്യമായി സിബിഎസ്ഇ 2023-ൽ ചർച്ച ചെയ്തിരുന്നു. തുടർന്ന്, തിരഞ്ഞെടുത്ത ചില സ്‌കൂളുകളിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടത്തി. 9, 10 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമായിരുന്നു പരീക്ഷണം.
പല വിദ്യാർത്ഥികൾക്കും റെഫറൻസ് മെറ്റീരിയലുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല.
ഈ പുതിയ പരീക്ഷാ സമ്പ്രദായം എല്ലാ സ്‌കൂളുകൾക്കും നിർബന്ധമാക്കില്ല. സ്‌കൂളുകൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകും. കൂടാതെ, സിബിഎസ്ഇ പരീക്ഷയുടെ നടത്തിപ്പിനായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പുറത്തിറക്കും.
സിബിഎസ്ഇ ഇത്തരമൊരു പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത് ഇതാദ്യമായല്ല. 2014 -നും 2017 -നും ഇടയിൽ 9, 11 ക്ലാസ്സുകളിൽ ഓപ്പൺ ടെക്സ്റ്റ് പരീക്ഷകൾ നടത്തിയിരുന്നു. എന്നാൽ, വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ആ പദ്ധതി പിന്നീട് നിർത്തലാക്കിയിരുന്നു.