പണം ഉണ്ടാക്കണമെങ്കില്‍ ഇതൊന്നും പഠിച്ചിട്ട് കാര്യമില്ല; ഈ ബിരുദങ്ങളുടെ ‘നിറം മങ്ങി’യെന്ന് പഠനറിപ്പോര്‍ട്ട്
Harvard report: കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ്സ് തുടങ്ങിയവയുടെ 'നിറം മങ്ങുന്നു'വെന്നാണ് ഹാര്‍വാര്‍ഡ് ലേബര്‍ ഇക്കണോമിസ്റ്റ് ഡേവിഡ് ജെ ഡെമിങും, ഗവേഷകനായ കദീം നോറെയും നടത്തിയ 2020ലെ പഠനത്തില്‍ കണ്ടെത്തിയത്
ഏത് കരിയര്‍ തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം എന്ന തുടങ്ങിയ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴായി അലട്ടാറുണ്ട്. മികച്ച കരിയറില്‍ എത്തിപ്പെടാനാകാതെ പ്രയാസപ്പെടുന്ന നിരവധി പേര്‍ കണ്‍മുന്നിലുണ്ടെങ്കില്‍ തീര്‍ച്ചയായും ആശങ്കകള്‍ വര്‍ധിക്കും. തന്റെ ഭാവിയും ഇത്തരത്തിലാകുമോയെന്ന ചോദ്യം അവരെ അലട്ടും, ആശയക്കുഴപ്പത്തിലാക്കും. അതുകൊണ്ട് തന്നെ മികച്ച കരിയര്‍ പ്ലാനിങ് വളരെ നേരത്തെ തന്നെ ആരംഭിക്കേണ്ടത് പ്രധാനമാണ്. അഭിരുചി, ജോലിസാധ്യതകള്‍, ശമ്പളം തുടങ്ങി പല ഘടകങ്ങളും ഇതിനായി പരിഗണിക്കണം.
ചില കോളേജ് ബിരുദങ്ങള്‍ മതിയായ സാമ്പത്തിക വരുമാനം നല്‍കുന്നില്ലെന്ന ഹാര്‍വാര്‍ഡിലെ സാമ്പത്തിക വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടിന് ഈ സാഹചര്യത്തില്‍ പ്രധാന്യമേറെയാണ്. എല്ലാ കോളേജ് ബിരുദങ്ങളും ശാശ്വതമായ സാമ്പത്തിക വരുമാനം നൽകുന്നില്ലെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
നമുക്ക് സുപരിചിതമായ പല ബിരുദങ്ങളും ‘തളര്‍ച്ച’ നേരിടുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പണ്ട് ഏറെ ‘ഗ്ലാമറസാ’യി കണ്ടിരുന്ന ബിസിനസ് മുതല്‍ വിവിധ എഞ്ചിനീയറിങ് കോഴ്‌സുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണം.
വരുമാനം കണക്കിലെടുക്കുമ്പോള്‍ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ്സ് തുടങ്ങിയവയുടെ ‘നിറം മങ്ങുന്നു’വെന്നാണ് ഹാര്‍വാര്‍ഡ് ലേബര്‍ ഇക്കണോമിസ്റ്റ് ഡേവിഡ് ജെ ഡെമിങും, ഗവേഷകനായ കദീം നോറെയും നടത്തിയ 2020ലെ പഠനത്തില്‍ കണ്ടെത്തിയത്. ഒരു കാലത്ത് ഏറെ മികച്ചതായി കണ്ടിരുന്ന ബിരുദങ്ങളാണിവ.
പക്ഷേ, ഇപ്പോള്‍ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മാര്‍ക്കറ്റ് വാല്യു നിലനിര്‍ത്തുന്നതിന് നൈപുണ്യ വികസനം അനിവാര്യമാകുന്ന സാഹചര്യമാണ് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചത്. വലിയ ബിസിനസ് ബിരുദങ്ങള്‍ പോലും ഈ പ്രശ്‌നം നേരിടുന്നു.
ഉന്നത എംബിഎ ബിരുദധാരികള്‍ ഉയര്‍ന്ന തസ്തികളില്‍ എത്താന്‍ പാടുപെടുന്നുവെന്നാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും, മറ്റ് ഐവി ലീഗ് കരിയര്‍ സെന്റുകളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹ്യുമാനിറ്റിസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യക്കുറവ് തുടരുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡിന്റെ ഗവേഷണവും, മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയ ‘ഇടിവ്’ നേരിടുന്ന ആ പത്ത് ഡിഗ്രികള്‍ ചുവടെ.
1. ജനറൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ ഉൾപ്പെടെ)
2. കമ്പ്യൂട്ടർ സയൻസ്
3. മെക്കാനിക്കൽ എഞ്ചിനീയറിംഗ്
4. അക്കൗണ്ടിംഗ്
5. ബയോകെമിസ്ട്രി
6. സൈക്കോളജി (ബിരുദം)
7. ഇംഗ്ലീഷും ഹ്യുമാനിറ്റിസും
8. സോഷ്യോളജിയും സോഷ്യൽ സയൻസസും
9. ഹിസ്റ്ററി
10. ഫിലോസഫി