Airconditoned Govt School: കുട്ടികള്‍ക്ക് ഇനി ‘ചില്ലാ’യി പഠിക്കാം; രാജ്യത്തെ ആദ്യ ‘എസി’ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ മലപ്പുറത്തൊരുങ്ങി
Malappuram Melmuri Muttipadi Govt LP School: മുട്ടിപ്പടിയിലാണ് ആധുനിക ഹൈടെക് സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 19നാണ് ഉദ്ഘാടനം. വൈകിട്ട് നാല് മണിക്ക് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും
മലപ്പുറം: ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മുഴുവനായി എയര്‍കണ്ടീഷന്‍ ചെയ്ത എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് ആധുനിക ഹൈടെക് സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 19നാണ് ഉദ്ഘാടനം. വൈകിട്ട് നാല് മണിക്ക് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.100 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന കെട്ടിടം അതീവ ജീര്‍ണാവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്‌കൂളിന് പ്രവേശനാനുമതി നൽകിയിരുന്നില്ല.
സ്‌കൂളില്‍ നേരത്തെയുണ്ടായിരുന്ന എട്ട് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, എച്ച്എമ്മിന്റെ ഓഫീസ്, ലൈബ്രറി തുടങ്ങി എല്ലാ ഭാഗവും എയര്‍കണ്ടീഷന്‍ ചെയ്താണ് നിര്‍മ്മാണം തീര്‍ത്തത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് റൂമുകള്‍ ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്നു. 10,000-ത്തോളം സ്‌ക്വയര്‍ ഫീറ്റിലാണ് ഗ്രൗണ്ട് ഫ്ലോറുള്ളത്.
ബെഞ്ചും ‘അസാധാരണം’
സ്‌കൂളിലെ ബെഞ്ച്, ഡെസ്‌കുകള്‍ എന്നിവയ്ക്കും പ്രത്യേകതയുണ്ട്. സാധാരണ രീതികള്‍ക്ക് പകരം മോഡേണ്‍ എഫ്ആര്‍പി ബെഞ്ചും, ഡെസ്‌കുമാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, എല്ലാ ക്ലാസുകളിലും ഡിജിറ്റല്‍ സ്‌ക്രീനുകളുണ്ടാകും. ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകളും ഒരുക്കിയിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ക്ലാസ് റൂമുകളില്‍ പ്രത്യേക ലൈബ്രറികള്‍, കുട്ടികള്‍ക്ക് പാദരക്ഷകള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ഷൂ റാക്കുകള്‍ എന്നിവയുമുണ്ട്. ചെയര്‍മാന്‍ മുജീബ് കാടേരി, കൗണ്‍സിലര്‍ സികെ നാജിയ ശിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വന്തമായി സ്ഥലം വാങ്ങിയാണ് നഗരസഭ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ച് കോടി രൂപ നഗരസഭ ചെലവഴിച്ചു. എംഎല്‍എ പി. ഉബൈദുള്ളയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.