Kerala Rain Holiday: ഈ പ്രദേശത്ത് നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി, കളക്ടറുടെ പ്രഖ്യാപനം
Kerala School, College Holiday Updates: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വെള്ളക്കെട്ട് ഉള്ളതിനാലാണ് തീരുമാനം. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാളെ അവധി

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 28) ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ സ്‌കൂളുകള്‍, പൊതുവഴികള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഉള്ളതിനാലാണ് തീരുമാനം. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാളെ അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് നാളെ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ പുതുക്കുമ്പോള്‍ ഇതില്‍ മാറ്റങ്ങളുണ്ടാകാം.
അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ രാവിലെ 2.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയാണ് മുന്നറിയിപ്പ്. 2.9 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 29 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും, ജൂലൈ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തിയുണ്ട്. വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദവുമുണ്ട്. 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.