IB Recruitment 2025: പത്താം ക്ലാസുകാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ അവസരം; 69,100 വരെ ശമ്പളം, കേരളത്തിലും ഒഴിവുകൾ
IB Security Assistant Motor Transport Recruitment: താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 28.

പ്രതീകാത്മക ചിത്രം
ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) ജോലി നേടാൻ അവസരം. ഐബി മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 455 ഒഴിവുകളാണ് ഉള്ളത്. ഇതിൽ തിരുവനന്തപുരത്ത് മാത്രം ഒമ്പത് ഒഴിവുകൾ ഉണ്ട്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 28.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം പാസായവർക്കാണ് അവസരം. അപേക്ഷകർക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ, ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യം. വാഹനങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള കഴിവും ഉള്ളവർക്ക് മുൻഗണന. 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക. ആദ്യ പരീക്ഷ 100 മാർക്കിനും രണ്ടാമത്തേത് 50 മാർക്കിനുമായിരിക്കും. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. രണ്ട് പരീക്ഷകളിലെയും മാർക്കുകൾ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാകുക. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്രങ്ങളുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും. കൂടാതെ, അലവൻസുകളും ഉണ്ടാകും.
ALSO READ: ബിഎസ്‌സിയോ ബിടെക്കോ ഉണ്ടോ? 70,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഭാരത് ഇലക്ട്രോണിക്‌സിൽ അവസരം
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in അല്ലെങ്കിൽ ncs.gov.in സന്ദർശിക്കുക.
- ഹോം പേജിലെ ‘IB SA/MT 2025 Application Form’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടയ്ക്കാം.
- അപേക്ഷ സമർപ്പിച്ച്, ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.