Indian Navy Recruitment 2024: നേവിയിൽ ഓഫീസറാകാം; അവിവാഹിതരായ വനിതകൾക്കും യുവാക്കൾക്കും സുവർണാവസരം
Indian Navy invites applications: 250 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക
ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സുവർണാവസരം. എക്‌സിക്യുട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഓഫീസർമാരുടെ പോസ്റ്റിലേക്കാണ് വിജ്ഞാപനം വിളിച്ചിരിക്കുന്നത്. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ് ഇപ്പോൾ നടക്കുന്നത്.
250 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക എന്നാണ് വിവരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. 56,100 രൂപയാണ് അടിസ്ഥാനശമ്പളം എന്നാണ് വിവരം.
എക്‌സിക്യുട്ടീവ് ബ്രാഞ്ച്
എക്‌സിക്യുട്ടീവ് ബ്രാഞ്ചിൽ 157 ഒഴിവുകളാണ് ഉള്ളത്. ജനറൽ സർവീസ്-56, പൈലറ്റ്-24, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-21, എയർട്രാഫിക് കൺട്രോളർ-20 എന്നിങ്ങനെയാണ് ഒഴിവുള്ളത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്‌സി./ബി.കോം./ ബി.എസ്‌സി.(ഐ.ടി.)യും ഫിനാൻസ്/ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും യോഗ്യത ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.
അല്ലെങ്കിൽ ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ./ എം.എസ്‌സി. (ഐ.ടി.) ഉള്ളവർക്കും അപേക്ഷിക്കാം. എയർട്രാഫിക് കൺട്രോളർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരും മറ്റു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരുമാകണം.
എജുക്കേഷൻ ബ്രാഞ്ച്
ആകെ 15 ഒഴിവാണ് എജുക്കേഷൻ ബ്രാഞ്ചിൽ ഉള്ളത്. ഫിസിക്സ് ഉൾപ്പെട്ട എം.എസ്‌സി.യും 60 ശതമാനം മാർക്കോടെ മാത്‌സ്/ഓപ്പറേഷണൽ റിസർച്ചിൽ എം.എസ്‌സി.യും ഉള്ളവർ. അല്ലെങ്കിൽ മാത്‌സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്സിൽ എം.എസ്‌സി.യും നേടിയവരും യോഗ്യരാണ്.
ഫിസിക്സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എം.എസ്‌സിയും. അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എംടെക്ക് ഉള്ളവർക്കും അപേക്ഷിക്കാം.
ALSO READ – ഉയർന്ന ശമ്പളത്തിൽ ക്യാമ്പസ് പ്ലേസ്മെന്റാണോ ലക്ഷ്യം? ഈ സ്കില്ലുകൾ വളർത്തൂ
2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. 1998 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർക്കും ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ടെക്നിക്കൽ ബ്രാഞ്ച്
78 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. എൻജിനിയറിങ്-36, ഇലക്‌ട്രിക്കൽ-42 എന്നിങ്ങനെയാണ് ഒഴിവുകൾ. 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ ബി.ടെക് ഉള്ളവർക്ക് അപേക്ഷിക്കാം. 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈററ് സന്ദർശിച്ചാൽ മതിയാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29 ആണ്.