Teachers’ caning: ഉദ്ദേശ്യം നല്ലതെങ്കില്‍ അധ്യാപകര്‍ക്ക് ‘രണ്ടടി’ കൊടുക്കാം; ചൂരല്‍പ്രയോഗം തെറ്റല്ലെന്ന് ഹൈക്കോടതി

Kerala High Court on caning by teachers: അധ്യാപകര്‍ക്ക് അച്ചടക്കം നടപ്പിലാക്കാനും, വിദ്യാര്‍ത്ഥികളെ തിരുത്താനും അധികാരമുണ്ടെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാൻ ചൂരല്‍ കൊണ്ടടിച്ചതിന്‌ ഒരു അധ്യാപകനെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ റദ്ദാക്കി

Teachers caning: ഉദ്ദേശ്യം നല്ലതെങ്കില്‍ അധ്യാപകര്‍ക്ക് രണ്ടടി കൊടുക്കാം; ചൂരല്‍പ്രയോഗം തെറ്റല്ലെന്ന് ഹൈക്കോടതി

പ്രതീകാത്മക ചിത്രം

Published: 

24 Oct 2025 11:09 AM

കൊച്ചി: സ്‌കൂള്‍ അധ്യാപകര്‍ക്ക് അച്ചടക്കം നടപ്പിലാക്കാനും, വിദ്യാര്‍ത്ഥികളെ തിരുത്താനും അധികാരമുണ്ടെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കാൻ ചൂരല്‍ കൊണ്ടടിച്ചതിന്‌ ഒരു അധ്യാപകനെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് സി. പ്രദീപ് കുമാറിന്റേതാണ് ഉത്തരവ്. ഉദ്ദേശ്യം നല്ലതെങ്കില്‍ ചൂരല്‍പ്രയോഗം ആകാമെന്നാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെങ്കില്‍, ആ കുട്ടിയുടെ സ്വഭാവം മെച്ചപ്പെടുത്തുന്നതിന് ശിക്ഷ നല്‍കിയാല്‍, അധ്യാപകന്റെ ആ പ്രവൃത്തി സദുദ്ദേശ്യപരമാണോയെന്ന് ഉറപ്പാക്കണം. നല്ല ഉദ്ദേശ്യത്തോടെയാണ് അധ്യാപകൻ പ്രവര്‍ത്തിച്ചതെങ്കില്‍ അതില്‍ കുഴപ്പമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

കുട്ടിയോട് ക്രൂരത കാണിച്ചതിന് ഐപിസി പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അധ്യാപകനെതിരെ കേസെടുത്തത്. തുടര്‍ന്ന് അധ്യാപകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കാലിലാണ് അടിച്ചത്. വിദ്യാര്‍ത്ഥികള്‍ പരസ്പരം വടികൊണ്ട് അടിക്കുന്നത് കണ്ടപ്പോള്‍ അവരുടെ വഴക്ക് ഒഴിവാക്കാനാണ് അധ്യാപകന്‍ ഇത് ചെയ്തതെന്ന് കോടതി കണ്ടെത്തി.

വിദ്യാര്‍ത്ഥിക്ക് ചികിത്സ തേടേണ്ടി വന്നിട്ടില്ല. സംഭവം റിപ്പോർട്ട് ചെയ്യാൻ നാല് ദിവസത്തെ കാലതാമസം ഉണ്ടായതിന് വിശദീകരണം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിക്ക് എന്തെങ്കിലും പരിക്കേറ്റതായി തെളിവില്ല. ചെറിയ അടിയാണ് അധ്യാപകന്‍ കൊടുത്തതെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഒരു രക്ഷിതാവ് കുട്ടിയെ അധ്യാപകനെ ഏൽപ്പിക്കുമ്പോൾ, വിദ്യാര്‍ത്ഥിയെ തിരുത്താനുള്ള അധികാരം കൂടിയാണ് അധ്യാപകന് നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

Also Read: എന്താണ് പിഎം ശ്രീ സ്‌കീം? എതിര്‍പ്പുകള്‍ മാറ്റിവച്ച് കേരളം പദ്ധതിയുടെ ഭാഗമാകുന്നത് എന്തിന്?

മൂന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ചതിനാണ് അധ്യാപകനെതിരെ കേസെടുത്തത്. ഒരു കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വടക്കാഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019ലാണ് യുപി സ്‌കൂള്‍ അധ്യാപകനെതിരെ കേസെടുത്തത്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹര്‍ജി നല്‍കുകയായിരുന്നു.

കുട്ടികളുടെ വഴക്ക് അവസാനിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് അധ്യാപകന്‍ കോടതിയെ ബോധ്യപ്പെടുത്തി. അധ്യാപകന്റെ സദുദ്ദേശ്യം രക്ഷിതാക്കള്‍ക്ക് മനസിലാക്കാനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് റദ്ദാക്കിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും