Kerala PSC Re-Examination: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ; ജനുവരിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം; ഇന്ന് തന്നെ അപേക്ഷിക്കാം
Kerala PSC 10th Grade Re-Examination February: ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് സമർപ്പിക്കാൻ കഴിയാത്തവർക്ക് ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയും അപേക്ഷിക്കാം.
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് വീണ്ടും അവസരം. കഴിഞ്ഞ ഡിസംബർ 28, ജനുവരി 11, 25 തീയതികളിലായി നടന്ന പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാം ഘട്ട പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാതിരുന്നതിന് മതിയായ കാരണം ബോധിപ്പിക്കുന്നവർക്ക് മാത്രമാണ് പരീക്ഷയെഴുതാൻ അവസരം ലഭിക്കുക. അത് തെളിയിക്കുന്ന രേഖകൾ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് സമർപ്പിക്കാൻ കഴിയാത്തവർക്ക് ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയും അപേക്ഷിക്കാം. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.സി.സിയുടെ ആസ്ഥാന ഓഫിസിലെ ഇഎഫ് വിഭാഗത്തിൽ വേണം നൽകാൻ. ജനുവരി 31ന് വൈകിട്ട് 5.15 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇമെയിൽ മുഖേനയോ തപാൽ വഴിയോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉള്ളവർക്ക് 0471-2546260, 0471-2546246 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ALSO READ: കോസ്റ്റ് ഗാർഡിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പരീക്ഷാ തീയതിയിൽ അംഗീകൃത സർവ്വകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയിൽ പങ്കെടുത്തവർ, അപകടംപറ്റി ചികിത്സയിൽ കഴിയുന്നവർ, മറ്റ് അസുഖ ബാധിതർ, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ, ഗർഭിണികൾ, പരീക്ഷാ തീയതിയിൽ വിവാഹം ചെയ്തവർ, പരീക്ഷാ തീയതിയിൽ അടുത്ത ബന്ധുക്കളുടെ മരണത്തിന് പോകേണ്ടി വന്നവർ, എന്നിവർ രേഖകൾ സഹിതം അപേക്ഷ നൽകണം. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിൽ നൽകിയിട്ടുള്ള ‘മസ്റ്റ് നോ’ എന്ന ലിങ്കിൽ കയറി പി.എസ്.സി എക്‌സാമിനേഷൻ അപ്‌ഡേറ്റ്സ് എന്ന പേജിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ലഭ്യമാണ്. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.