University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം ഉടന്‍ തന്നെ? പുതിയ സൂചനകള്‍
Kerala PSC University Assistant Notification: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം ഉടനെന്ന് സൂചന. ഒക്ടോബറിലെ കമ്മീഷന്‍ യോഗത്തില്‍ അംഗീകരിച്ചാല്‍ വിജ്ഞാപനം നവംബറില്‍ പുറത്തുവിട്ടേക്കും. 2027 മാര്‍ച്ചില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ ഏറെ കാത്തിരിക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം അടുത്ത മാസം ഗസറ്റില്‍ പ്രസിദ്ധീകരിച്ചേക്കും. വിജ്ഞാപനം തയ്യാറായതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസത്തെ പിഎസ്‌സി യോഗത്തില്‍ വിജ്ഞാപനം അംഗീകരിച്ചേക്കും. തുടര്‍ന്ന് നവംബറില്‍ വിജ്ഞാപനം പുറത്തുവിട്ടേക്കുമെന്നാണ് നിലവിലെ സൂചന. 2022ലാണ് ഇതിനു മുമ്പ് വിജ്ഞാപനം പുറത്തുവന്നത്. റാങ്ക് ലിസ്റ്റ് 2024 മാര്‍ച്ച് 11ന് പ്രാബല്യത്തിലായി. നിലവിലെ റാങ്ക് ലിസ്റ്റിന് 2027 വരെ പ്രാബല്യമുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത. പ്രതീക്ഷിത ഒഴിവുകളുണ്ടാകും. 39,300-83,000 ആണ് മുന്‍ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരുന്ന പേ സ്‌കെയില്‍. അടുത്ത വര്‍ഷമാകും പരീക്ഷ. 2027 മാര്‍ച്ചില്‍ റാങ്ക് ലിസ്റ്റ് വരും. വിജ്ഞാപനം പുറത്തുവന്നതിന് ശേഷം പിഎസ്‌സി പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഇതുവരെ പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എന്ന വെബ്‌സൈറ്റ് വഴി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് പ്രൊഫൈലിലെ ഹോം പേജിലുള്ള നോട്ടിഫിക്കേഷന്‍ ലിങ്ക് വഴി യോഗ്യരായവര്‍ക്ക് അപേക്ഷിക്കാനാകും. തസ്തികയുടെ മുന്‍ യോഗ്യതകളില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല. അപേക്ഷിക്കേണ്ട അവസാന തീയതിയടക്കമുള്ള വിശദാംശങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാകും.
വിവിധ തസ്തികകളില്‍ അവസരം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കെ.എസ്.ആർ.ടി.സി, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്,കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഫോർ എസ്.സി.എസ്.ടി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
Also Read: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട
ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ, അസിസ്റ്റന്റ് ഗ്രേഡ് II, എൽഡി ക്ലർക്ക് I, ടൈം കീപ്പർ ഗ്രേഡ് II, സീനിയർ അസിസ്റ്റന്റ്, ക്ലർക്ക്, ഫീൽഡ് അസിസ്റ്റന്റ്, ഡിപ്പോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. നവംബര്‍ 19 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.