School Time Change: സ്കൂൾ സമയമാറ്റം; മത സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തും
Kerala School Time Change: കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമയമാറ്റവുമായി ബന്ധപ്പെട്ട് നാളെ മത സംഘടനകളുമായി സർക്കാർ കൂടിക്കാഴ്ച്ച. വൈകിട്ട് നാലരയ്ക്കാണ് സർക്കാരും മത സംഘടനകളും തമ്മിൽ ചർച്ച നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച നടക്കുക. മദ്രസാ വിദ്യാഭ്യാസ ബോർഡ് അംഗങ്ങളാണ് മത സംഘടനയുടെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇക്കഴഞ്ഞ ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്.
സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് സമർപ്പിക്കും. സമസ്തയടക്കം വിവിധ മത സംഘടനകളാണ് സർക്കാരിൻ്റെ പുതിയ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത് രംഗത്തെത്തിയത്. വിഷയത്തിൽ സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനൊരു ചർച്ചയ്ക്ക് തയ്യാറായത്.
ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർത്തുകൊണ്ടാകും സമസ്ത മുന്നോട്ട് വരികയെന്നാണ് സൂചന. സംസ്ഥാനത്ത് ഒട്ടാകെ സർവേ നടത്തിയാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കേണ്ടത് എന്നും ആറ് ജില്ലകളിൽ മാത്രം നടത്തിയ സർവേ അംഗീകരിക്കാനാവില്ലെന്നുമാണ് സമസ്തയുടെ വാദം.
സ്കൂളുകളിൽ സമയം മാറുന്നത് മദ്രസയിൽ എത്തുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് തസമാകുമെന്നാണ് സമസ്തയുടെ പ്രധാന ആരോപണം. എന്നാൽ ഒരു പ്രത്യേക മതത്തിന് വേണ്ടി സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലാപടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. എന്തുവന്നാലും തീരുമാനം മാറില്ലെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഒരു മത സാമുദായിക സംഘടനകൾക്ക് മുന്നിലും സർക്കാർ അടിമപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.