School Time Change: സ്‌കൂൾ സമയ മാറ്റം തുടരും; തീരുമാനം മത സംഘടനയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ
Kerala School Time Change Issues: സമയമാറ്റത്തിൽ ചില പ്രതിഷേധങ്ങളും പരാതികളും നേരത്തെ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു ചേർത്തത്. എല്ലാവരുടെയും അഭിപ്രായങ്ങളും കേട്ട ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി.

School Time
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിൽ സർക്കാറിൻ്റെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുമായും മത സംഘടകളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. തീരുമാനം എടുക്കാനുള്ള കാരണം സഹിതം യോഗത്തിൽ വ്യക്തമാക്കിയ ശേഷമാണ് തീരുമാനം. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തെന്നും മന്ത്രി പറഞ്ഞു.
സമയമാറ്റത്തിൽ ചില പ്രതിഷേധങ്ങളും പരാതികളും നേരത്തെ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു ചേർത്തത്. എല്ലാവരുടെയും അഭിപ്രായങ്ങളും കേട്ട ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. ചിലർ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവച്ചെങ്കിലും അത് നടപാക്കിയാൽ ഉണ്ടാകുന്ന പ്രയാസങ്ങളെയും അവരെ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
എൽപി, യുപി , ഹൈസ്‌കൂൾ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച ഉത്തരവ് മന്ത്രി യോഗത്തിൽ വിശദമായി പറയുകയും ചെയ്തു. അതിനനുസരിച്ചാണ് ക്രമീകരണം നടത്തിയതെന്നും, ഹൈസ്‌കൂൾ വിഭാഗത്തിന് 1100 ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനിട്ടും അധിക പ്രവൃത്തിസമയം ഉൾപ്പെടുത്തിയാണ് പീരീഡ് ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
നിലവിലെ കെഇആർ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ സമയം എന്ന് ആക്കിയത്. ഗുജറാത്തിൽ 243 പ്രവൃത്തി ദിനങ്ങളും ഉത്തർ പ്രദേശ്- 231, കർണാടക – 244, ആന്ധ്രാ പ്രദേശ് -233, ഡൽഹി-220 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രവൃത്തി ദിനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.