Kerala Midday Meal: അടുത്ത മാസം മുതൽ അംഗണവാടിയിലും പുതിയ മെനു പ്രകാരം വെറൈറ്റി ഫുഡെത്തും
ഗുണഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച്, കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: വനിതാ ശിശു വികസന ഡയറക്ടര്‍ അറിയിച്ചതനുസരിച്ച്, അങ്കണവാടികളിലെ പരിഷ്‌കരിച്ച ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി, ഓരോ ജില്ലയില്‍ നിന്നും നാല് ഉദ്യോഗസ്ഥര്‍ വീതം ഉള്‍പ്പെട്ട 56 പേര്‍ക്ക് കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ മൂന്ന് ദിവസത്തെ സംസ്ഥാനതല പരിശീലനം നല്‍കി.
സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ചവര്‍, അതത് ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഹോം സയന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സി ഡി പി ഒമാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പരിശീലനം നല്‍കും. തുടര്‍ന്ന്, ഇവര്‍ 66,240 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സെക്ടര്‍, സബ് സെക്ടര്‍ തലങ്ങളില്‍ പരിശീലനം നല്‍കും.
നിലവില്‍ WBNP വഴി വിതരണം ചെയ്യുന്ന അരി, സംസ്ഥാന സര്‍ക്കാരിന്റെ ‘പോഷക ബാല്യം’ പദ്ധതി പ്രകാരമുള്ള മുട്ടയും പാലും, കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. ഗുണഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച്, കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.