Palakkad: കൊടുംചൂട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ
Educational Institutions in Palakkad to Shift Online: താപനില,വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37°C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ വ്യക്തമാക്കി.
പാലക്കാട്: ചൂട് കൂടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽകാലികമായി നിർത്തി വെക്കാൻ പാലക്കാട് ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ക്ലാസ് മുറികളിലെ മിതമായ താപനില,വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37°C- ലൊ അതിൽ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവിൽ വ്യക്തമാക്കി. നിലവിലെ താപനില 40.1°C ആണ്. കൂടാതെ, യുവി ഇൻഡക്സും ഉയർന്ന നിലയിലാണ്.
ALSO READ: കുടയെടുത്തോണേ, വേനൽമഴ തകർക്കും; ഇന്ന് എവിടെയെല്ലാം?
ഗൂഗിൾ ക്ലാസ്റൂം, മൈക്രോസോഫ്റ്റ് ടേംസ്, സൂം തുടങ്ങിയ യൂണിവേഴ്സിറ്റി/ ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ ,പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണം. അതു വഴി ഒരു വിദ്യാർത്ഥിക്കും അക്കാദമിക്ക് തലത്തിൽ നഷ്ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ, കുടിവെള്ളം, ORS ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.