SSC Exam: സ്വന്തം ഇഷ്ടത്തിന് പരീക്ഷാ സ്ഥലം തിരഞ്ഞെടുക്കാം; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോളടിച്ചു
SSC CHSL 2025: കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ എഴുതുന്നവര്‍ക്ക്, പരീക്ഷാ നഗരം, തീയതി, ഷിഫ്റ്റ് എന്നിവ അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ സൗകര്യം അനുവദിക്കാന്‍ കമ്മീഷന്റെ നീക്കം
കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് , പരീക്ഷാ നഗരം, തീയതി, ഷിഫ്റ്റ് എന്നിവ അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ സൗകര്യം അനുവദിക്കാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ നീക്കം. പരീക്ഷാനടപടികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം. കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ 2025 ടയർ 1 പരീക്ഷ നവംബര്‍ 12ന് ആരംഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്
അപേക്ഷകർ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് പരീക്ഷാ സിറ്റി, തീയതി, ഷിഫ്റ്റ് എന്നിവ തിരഞ്ഞെടുക്കണം. അപേക്ഷിക്കുന്ന സമയത്ത് സമർപ്പിച്ച 3 ചോയ്‌സുകളിൽ നിന്നാണ് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കേണ്ടത്. പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ഈ മൂന്ന് നഗരങ്ങളിലെ വിവിധ തീയതികളിലും ഷിഫ്റ്റുകളിലുമുള്ള സ്ലോട്ടുകളുടെ ലഭ്യത അവരെ കാണിക്കും.
ലഭ്യമായ ഏത് തീയതിയിലും ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇഷ്ടാനുസരണം ഷിഫ്റ്റ് തിരഞ്ഞെടുക്കാം. 2025 ഒക്ടോബർ 22 മുതൽ ഒക്ടോബർ 28 വരെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ഇതിനായി സൗകര്യമുണ്ടാകും. പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതുന്നവര്‍ക്ക് തീയതികളും, ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പരിമിതമായിരിക്കും.
മൂന്ന് നഗരങ്ങളിലെയും എല്ലാ സ്ലോട്ടുകളും നിറഞ്ഞാല്‍, ഇത്തരം സാഹചര്യങ്ങളില്‍ സ്ലോട്ടുകൾ ലഭ്യമായ ഓപ്ഷണൽ നഗരങ്ങളുടെ പട്ടിക ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷാ തീയതി, നഗരം, ഷിഫ്റ്റ് എന്നിവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നതുപ്രകാരമായിരിക്കും അലോട്ട്‌മെന്റ് നടത്തുന്നത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ തീയതി, നഗരം, ഷിഫ്റ്റ് എന്നീ ഓപ്ഷനുകൾ ഉപയോഗിച്ചില്ലെങ്കില്‍, അത്തരം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നില്ലെന്ന് അനുമാനിക്കുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.