Job loss : എഐ ചതിച്ചു … ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി ടിസിഎസ്
TCS to Cut Workforce : പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണ് എന്നും നിർമ്മിത ബുദ്ധി പോലുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് കമ്പനി ചർച്ച ചെയ്യുകയാണെന്നും വൻതോതിൽ എ ഐ വിന്യസിക്കാൻ ഒരുങ്ങുകയാണെന്നും കെ കൃതിവാസൻ കൂട്ടിച്ചേർത്തു.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ ടി സേവന കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിൽ ഏകദേശം രണ്ട് ശതമാനം ജീവനക്കാരെ അതായത് 12000 ത്തിലധികം മിഡിൽ സീനിയർ തലങ്ങളിലുള്ളവരെ ഒരു വർഷത്തിനുള്ളിൽ കുറയ്ക്കാൻ ഒരുങ്ങുന്നതായി സിഇഒ കെ കൃതിവാസൻ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
സാങ്കേതികവിദ്യയിലെ അതിവേഗം മാറ്റങ്ങൾക്കിടയിൽ കമ്പനിയെ കൂടുതൽ ചടുലമാക്കാനും ഭാവിയിലേക്ക് സജ്ജമാക്കാൻ ഉള്ള നീക്കം ആണിതെന്നാണ് ടിസിഎസിന്റെ വിശദീകരണം. 2026 സാമ്പത്തിക വർഷത്തിൽ ഈ പുനസംഘടന നടപ്പിലാക്കും. പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണ് എന്നും നിർമ്മിത ബുദ്ധി പോലുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് കമ്പനി ചർച്ച ചെയ്യുകയാണെന്നും വൻതോതിൽ എ ഐ വിന്യസിക്കാൻ ഒരുങ്ങുകയാണെന്നും കെ കൃതിവാസൻ കൂട്ടിച്ചേർത്തു.
പുനർ നിയമനം ഫലപ്രദമല്ലാത്ത ചില തസ്തികകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ജൂൺ 30 ലെ കണക്കനുസരിച്ച് ടി സി എസിലെ ആകെ ജീവനക്കാരുടെ എണ്ണം 613069 ആണ്. 2025 ഏപ്രിൽ ജൂൺ പാദത്തിൽ 6071 ജീവനക്കാരെ പുതുതായി നിയമിച്ചിരുന്നു. അതേസമയം ഈ വർഷം ജീവനക്കാർക്ക് നാല് ശതമാനത്തിനും 8 ശതമാനത്തിനും ഇടയിൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർദ്ധനവാണ് ഇത്. 2022 സാമ്പത്തിക വർഷത്തിൽ 10% മുകളിലും 2023ൽ 6 മുതൽ 9 വരെ ശതമാനവും കഴിഞ്ഞവർഷം 9 ശതമാനം വരെയും ആയിരുന്നു ശമ്പള വർദ്ധനവ് നൽകിയത്. ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 12,720 കോടിയാണ്.